Skip to content

ന്യൂസിലൻഡിനെതിരായ സെഞ്ചുറി ! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ബെൻ സ്റ്റോക്സ്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. വിരമിക്കൽ തീരുമാനം പിൻവലിച്ച ശേഷം കളിക്കുന്ന തൻ്റെ മൂന്നാം മത്സരത്തിൽ തന്നെയാണ് ഈ തകർപ്പൻ സെഞ്ചുറി സ്റ്റോക്സ് നേടിയിരിക്കുന്നത്.

13/2 എന്ന നിലയിൽ ഇംഗ്ലണ്ട് പരുങ്ങവെയാണ് നാലാമനായി സ്റ്റോക്സ് ക്രീസിൽ എത്തിയത്. സമ്മർദ്ദ ഘട്ടത്തിലും തൻ്റെ സെഞ്ചുറി പൂർത്തിയാക്കുവാൻ വെറും 76 പന്ത് മാത്രമാണ് താരത്തിന് വേണ്ടിവന്നത്. പിന്നീട് 106 പന്തുകളിൽ നിന്ന് 150 റൺസ് പൂർത്തിയാക്കിയ സ്റ്റോക്സ് 124 പന്തിൽ 15 ഫോറും 9 സിക്സും ഉൾപ്പടെ 182 റൺസ് നേടിയാണ് പുറത്തായത്.

ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇംഗ്ലണ്ട് ബാറ്റ്സ്മാനെന്ന റെക്കോർഡ് ബെൻ സ്റ്റോക്സ് സ്വന്തമാക്കി. 2018 ൽ ഓസ്ട്രേലിയക്കെതിരെ 151 പന്തിൽ 180 റൺസ് നേടിയ ജേസൺ റോയിയാണ് സ്റ്റോക്സ് പിന്നിലാക്കിയത്.

ഏകദിനത്തിലെ സ്റ്റോക്സിൻ്റെ നാലാം സെഞ്ചുറിയാണിത്. കൂടാതെ 2017 ന് ശേഷം ഇതാദ്യമായാണ് താരം ഇംഗ്ലണ്ടിനായി ഏകദിന സെഞ്ചുറി നേടുന്നത്.

മത്സരത്തിലേക്ക് വരുമ്പോൾ ഇംഗ്ലണ്ടിന് 48.1 ഓവറിൽ 368 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 96 റൺസ് നേടിയ ഡേവിഡ് മലാനാണ് സ്റ്റോക്സിനൊപ്പം ഇംഗ്ലണ്ടിനായി തിളങ്ങിയത്. ന്യൂസിലൻഡിന് വേണ്ടി ട്രെൻഡ് ബോൾട്ട് 9.1 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി.