Skip to content

ലോകകപ്പിന് ഒരുങ്ങി ബെൻ സ്റ്റോക്സ് !! ന്യൂസിലൻഡിനെതിരെ നേടിയ കൂറ്റൻ സ്കോർ

ഏകദിന ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ എതിർടീമുകൾക്ക് വലിയ മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ തന്നെ ഗംഭീര സെഞ്ചുറി നേടിയിരിക്കുകയാണ് ബെൻ സ്റ്റോക്സ്.

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ നാലാമനായി എത്തികൊണ്ടാണ് തകർപ്പൻ സെഞ്ചുറി ബെൻ സ്റ്റോക്സ് നേടിയത്. വെറും 76 പന്തിൽ നിന്നുമാണ് സ്റ്റോക്സ് തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ ബെൻ സ്റ്റോക്സിൻ്റെ നാലാം സെഞ്ചുറിയാണിത്. 2017 ന് ശേഷമുള്ള താരത്തിൻ്റെ ഏകദിന സെഞ്ചുറി കൂടിയാണിത്.

മത്സരത്തിൽ 124 പന്തിൽ 15 ഫോറും 9 സിക്സും ഉൾപ്പടെ 182 റൺസ് നേടിയാണ് സ്റ്റോക്സ് പുറത്തായത്. സ്റ്റോക്സിനൊപ്പം 95 പന്തിൽ 12 ഫോറും ഒരു സിക്സും ഉൾപ്പടെ 96 റൺസ് നേടിയ ഡേവിഡ് മലാനും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ക്യാപ്റ്റൻ ജോസ് ബട്ട്ലർ 24 പന്തിൽ 38 റൺസ് നേടി പുറത്തായി.

മത്സരത്തിൽ 48.1 ഓവറിൽ 368 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ന്യൂസിലൻഡിനായി ട്രെൻഡ് ബോൾട്ട് 9.1 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

ബെൻ ലിസ്റ്റർ മൂന്ന് വിക്കറ്റും ലോക്കി ഫെർഗൂസൻ, ഗ്ലെൻ ഫിലിപ്പ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പരമ്പരയിലേക്ക് വരുമ്പോൾ ആദ്യ മത്സരത്തിൽ ന്യൂസിലൻഡും രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും വിജയിച്ചിരുന്നു.