Skip to content

ഇതിപ്പോൾ ഒരു പതിവായിരിക്കുന്നു !! വിജയത്തിലും ഇന്ത്യയെ വിമർശിച്ച് ഗംഭീർ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരട്ടങ്ങളിൽ പാകിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ചുകൊണ്ട് രാജകീയമായി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഈ വിജയത്തിനിടയിലും ഇന്ത്യൻ ടീമിലുള്ള ആശങ്ക വിമർശന രൂപേണ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

പാകിസ്ഥാനെതിരായ മത്സരത്തിൽ ഭംഗീര ബാറ്റിങ് പ്രകടനം ഇന്ത്യ കാഴ്ച്ചവെച്ചപ്പോൾ അത് ശ്രീലങ്കയ്ക്കെതിരെ തുടരുവാൻ ഇന്ത്യയ്ക്കായില്ല. മികച്ച തുടക്കം ലഭിച്ച ശേഷവും ശക്തവും പരിചയസമ്പന്നവുമായ ബാറ്റിംഗ് നിരയ്ക്ക് 213 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. സ്പിന്നർമാരാണ് ശ്രീലങ്കയ്ക്കായി മുഴുവൻ വിക്കറ്റും നേടിയത്. ഇതിൽ അഞ്ച് വിക്കറ്റും യുവതാരം വെല്ലാലഗെയാണ് വീഴ്ത്തിയത്.

മത്സരത്തിൽ വിജയിച്ചുവെങ്കിലും 50-60 റൺസ് കുറവാണ് ഇന്ത്യ നേടിയതെന്നും മുൻപോട്ട് പോകുമ്പോൾ ഇത്തരം പ്രകടനങ്ങൾ ആവർത്തിച്ചാൽ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും ഗംഭീർ പറഞ്ഞു. സ്‌പിന്നർമാർക്ക് അനുകൂലമായ സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടുന്നത് ആശങ്കാജനകമാണെന്നും ഗംഭീർ പറഞ്ഞു.

” ഇതിപ്പോൾ ഒരു പതിവായി മാറിയിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന മത്സരം തന്നെ നോക്കൂ, 260 റൺസ് ചേസ് ചെയ്യുകയായിരുന്ന ഇന്ത്യ ആദം സാംപയ്ക്കും ആഷ്ടൻ അഗറിനും മുൻപിൽ തകരുകയും പരാജയപെടുകയും ചെയ്തു. പന്ത് ഗ്രിപ്പ് ചെയ്യുവാൻ തുടങ്ങുമ്പോൾ നമ്മൾ ബുദ്ധിമുട്ടുന്നു. പിന്നെ മത്സരം നീട്ടികൊണ്ട് പോകുവാൻ പോലും നമുക്ക് സാധിക്കുന്നില്ല. ” ഗംഭീർ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരെ കോഹ്ലിയുടേയും കെ എൽ രാഹുലിൻ്റെയും സോഫ്റ്റ് ഡിസ്മിസ്സലുകൾ ആയിരുന്നുവെന്നും രോഹിത് ശർമ്മ വേഗതയിൽ വീണപ്പോൾ മികച്ച പന്തിലൂടെയാണ് ഗിൽ പുറത്തായതെന്നും ഇത്തരം സാഹചര്യങ്ങളിൽ പൊരുത്തപെട്ട് കളിക്കേണ്ടത് പ്രധാനമാണെന്നും ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ നിന്നും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.