Skip to content

തകർപ്പൻ റെക്കോർഡിൽ അനിൽ കുംബ്ലെയെയും പിന്നിലാക്കി കുൽദീപ് യാദവിൻ്റെ കുതിപ്പ്

ഗംഭീര പ്രകടനമാണ് ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കായി കുൽദീപ് യാദവ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാനെതിരായ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം തൊട്ടടുത്ത ദിവസം ശ്രീലങ്കയ്ക്കെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇന്ത്യൻ ബൗളിങ് ഇതിഹാസം അനിൽ കുംബ്ലെയെ പിന്നിലാക്കിയിരിക്കുകയാണ് കുൽദീപ്.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ കുൽദീപ് യാദവ് വീഴ്ത്തിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ കുൽദീപ് യാദവ് പൂർത്തിയാക്കി.

വെറും 88 മത്സരങ്ങളിൽ നിന്നുമാണ് കുൽദീപ് യാദവ് 150 വിക്കറ്റ് പൂർത്തിയാക്കിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് നേടുന്ന ഇന്ത്യൻ സ്പിന്നറായി കുൽദീപ് മാറി. 106 മത്സരങ്ങളിൽ നിന്നും 150 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയുടെ പേരിലായിരുന്നു ഈ റെക്കോർഡ് ഉണ്ടായിരുന്നത്.

മൊത്തത്തിലുള്ള കണക്കുകൾ നോക്കിയാൽ ഈ റെക്കോർഡിൽ രണ്ടാം സ്ഥാനത്താണ് കുൽദീപ് യാദവ് ഉള്ളത്. 80 മത്സരങ്ങളിൽ നിന്നും 150 വിക്കറ്റ് നേടിയ പേസർ മൊഹമ്മദ് ഷാമി മാത്രമാണ് ഇന്ത്യൻ ബൗളർമാരിൽ കുൽദീപിന് പിന്നിലുള്ളത്. 97 മത്സരങ്ങളിൽ നിന്നും 150 വിക്കറ്റ് നേടിയ അജിത് അഗാർക്കർ, 103 മത്സരങ്ങളിൽ നിന്നും 150 വിക്കറ്റ് നേടിയ സഹീർ ഖാൻ അടക്കമുള്ളവരെ കുൽദീപ് പിന്നിലാക്കി.

ലോക ക്രിക്കറ്റിലെ കണക്ക് നോക്കിയാൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് നേടിയ സ്പിന്നർമാരിൽ നാലാം സ്ഥാനത്താണ് കുൽദീപ് യാദവ് ഉള്ളത്. സാഖ്ലെയ്ൻ മുഷ്താഖ് (78 മത്സരം), റാഷിദ് ഖാൻ (80 മത്സരം) അജന്ത മെൻഡിസ (84 മത്സരം) എന്നിവർ മാത്രമാണ് കുൽദീപിന് മുൻപിലുള്ളത്.