Skip to content

ഈ നിലയിൽ രോഹിത് ശർമ്മ എത്തിയതിന് കാരണം അദ്ദേഹമാണ് : ഗൗതം ഗംഭീർ

ഈ ഏഷ്യ കപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തുടർന്നുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ ശ്രീലങ്കയ്ക്കെതിരായ മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ 10000 റൺസും പൂർത്തിയാക്കിയിരുന്നു. രോഹിത് ശർമ്മയുടെ വളർച്ചയിൽ ക്രെഡിറ്റ് നൽകേണ്ടത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയ്ക്കാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗൗതം ഗംഭീർ.

ഒരു മധ്യനിര ബാറ്റ്സ്മാനായി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച രോഹിത് ശർമ്മയ്ക്ക് 2013 ചാമ്പ്യൻസ് ട്രോഫിയിൽ എം എസ് ധോണിയാണ് ഓപ്പണറായി അവസരം നല്കിയത്. പിന്നീട് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി രോഹിത് മാറുകയായിരുന്നു. കരിയറിൽ മോശം ഫോമിലൂടെ കടന്നുപോയപ്പോൾ എല്ലാം ഉറച്ച പിന്തുണ ധോണിയിൽ നിന്നും രോഹിത് ശർമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിൽ 10000 റൺസ് നേടുകയെന്നത് രോഹിത് ശർമ്മയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ലയെന്നും ഒരുപാട് ഉയർച്ചകളിലൂടെയും താഴ്‌ച്ചകളിലൂടെയുമാണ് രോഹിത് ശർമ്മ കടന്നുവന്നതെന്നും ആ സാഹചര്യങ്ങളിലൂടെ കടന്നുവന്നതിനാൽ തന്നെ മോശം പ്രകടനത്തിലും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മ മറ്റു താരങ്ങളെ പിൻതുണയ്ക്കുമെന്നും ധോണി മുൻപ് അത് ചെയ്തത് കൊണ്ടാണ് രോഹിത് ശർമ്മ ഇന്ന് രോഹിത് ശർമ്മയായതെന്നും ഗംഭീർ പറഞ്ഞു.

” മോശം സമയങ്ങളിൽ ധോണി അവനെ പിൻതുണയ്ക്കുന്നത് തുടർന്നിരുന്നു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ആ പാരമ്പര്യം കാത്തുസൂക്ഷിക്കണമെങ്കിൽ അവൻ ധോണി ചെയ്തത് പോലെ യുവ കളിക്കാരെ പിന്തുണയ്ക്കേണ്ടതുണ്ട്. ഭാവി താരങ്ങളെ അവൻ എങ്ങനെ തയ്യാറാക്കുമെന്നും നോക്കികാണേണ്ടതുണ്ട്. ” ഗംഭീർ പറഞ്ഞു.