Skip to content

ഇക്കുറിയും കുൽദീപ് അല്ല !! പ്ലേയർ ഓഫ് ദി മാച്ചിൽ ബിഗ് സർപ്രൈസ്

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുകൊണ്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ ഇക്കുറിയും കുൽദീപ് യാദവ് തന്നെയാണ് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത്. എന്നാൽ നാല് വിക്കറ്റ് നേടിയിട്ടും പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് കുൽദീപിന് ലഭിച്ചില്ല.

മത്സരത്തിൽ ശ്രീലങ്കയെ വിജയിപ്പിക്കാൻ സാധിച്ചില്ലയെങ്കിലും തകർപ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ച് ബൗളിങിലും ബാറ്റിങിലും തിളങ്ങിയ യുവതാരം വെല്ലാലഗെയ്ക്കാണ് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കെതിരെ 10 ഓവറിൽ 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം ചേസിങിൽ ശ്രീലങ്ക തകർന്നപ്പോൾ ഏഴാമനായി എത്തി 46 പന്തിൽ 42 റൺസ് നേടി പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റിൽ ധനഞ്ജയ ഡി സിൽവയ്ക്കൊപ്പം ചേർന്ന് 63 റൺസ് കൂട്ടിചേർത്തുകൊണ്ട് താരം ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ നൂറ് ശതമാനം അർഹിച്ച അംഗീകാരം തന്നെയാണ് താരത്തിന് ലഭിച്ചത്.

മത്സരത്തിലേക്ക് വരുമ്പോൾ വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിലൂടെയാണ് ഇന്ത്യ ഇക്കുറി വിജയം നേടിയത്. നാല് വിക്കറ്റ് വീഴ്ത്തിയകുൽദീപ് മുതൽ ഒരു വിക്കറ്റ് നേടിയ ഹാർദിക്ക് പാണ്ഡ്യ വരെയുള്ളവർ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ബാറ്റിങിലേക്ക് നോക്കിയാൽ 53 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെ എൽ രാഹുൽ 39 റൺസ് നേടിയപ്പോൾ ഇഷാൻ കിഷൻ 33 റൺസ് നേടി. അവസാന ഓവറുകളിൽ അക്ഷർ നേടിയ 26 റൺസും മത്സരത്തിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്തു.

സെപ്റ്റംബർ 15 ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം. സെപ്റ്റംബർ പതിനേഴിനാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.