Skip to content

ഇന്ത്യയ്ക്ക് മുൻപിൽ പെട്ടത് പണിയായി !! ശ്രീലങ്കയുടെ റെക്കോർഡ് വിജയതുടർച്ച അവസാനിപ്പിച്ച് ഇന്ത്യ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപെടുത്തികൊണ്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. തകർപ്പൻ ടീം വർക്ക് മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. ഈ വിജയത്തോടെ ശ്രീലങ്കൻ ടീമിൻ്റെ റെക്കോർഡ് വിജയതുടർച്ച ഇന്ത്യ അവസാനിപ്പിച്ചിരിക്കുകയാണ്.

മത്സരത്തിൽ 41 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് 41.3 ഓവറിൽ 172 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മത്സരത്തിലെ വിജയത്തോടെ ഏകദിന ക്രിക്കറ്റിലെ ശ്രീലങ്കയുടെ റെക്കോർഡ് വിജയതുടർച്ച ഇന്ത്യ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന് മുൻപ് 13 മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ചുകൊണ്ടാണ് ശ്രീലങ്ക ഇന്ത്യയെ നേരിടാൻ എത്തിയത്.

കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തിയതോടെയാണ് ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയക്ക് ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീമെന്ന റെക്കോർഡ് ശ്രീലങ്ക നേടിയിരുന്നത്. ശ്രീലങ്കയുടെ റെക്കോർഡ് തകർന്നതോടെ 2003 ൽ തുടർച്ചയായി 21 വിജയം നേടിയ ഓസ്ട്രേലിയയുടെ റെക്കോർഡ് മറ്റ് ടീമുകൾക്ക് എത്തിപിടിക്കാവുന്നതിലും ദൂരെയായി ഇനിയും തുടരും.

ഇതിന് മുൻപും ഇത്തരത്തിൽ മറ്റു ടീമുകളുടെ വിജയതുടർച്ച ഇന്ത്യ അവസാനിപ്പിച്ചിട്ടുണ്ട്. 2001 ലും 2008 ലും ടെസ്റ്റ് ക്രിക്കറ്റിലെ ഓസ്ട്രേലിയയുടെ 16 മത്സരങ്ങളുടെ വിജയതുടർച്ചയും ഇന്ത്യ അവസാനിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ വിജയകോട്ടയായ ഗാബയിൽ ഇന്ത്യ നേടിയ വിജയവും ഓസ്ട്രേലിയയുടെ മേധാവിത്വം അവസാനിപ്പിച്ചുകൊണ്ടായിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ 214 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്കായി മുൻനിര ബാറ്റ്സ്മാന്മാർ ആര്ക്കും തന്നെ തിളങ്ങാനായില്ല. ഒടുവിൽ 41 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും 42 റൺസ് നേടിയ യുവതാരം വെല്ലാലഗെയും മികച്ച പോരാട്ടം കാഴ്ച്ചവെച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെങ്കിലും നിർണായക നിമിഷം വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തി വിജയം സ്വന്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റും രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് സിറാജ്, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 53 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്.