Skip to content

അതിശക്തം !! ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടതതിൽ ശ്രീലങ്കയെ പരാജയപെടുത്തി ഇന്ത്യ ഫൈനലിൽ. ബൗളർമാർ മികവ് പുലർത്തിയ മത്സരത്തിൽ 41 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് 41.3 ഓവറിൽ 172 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ശ്രീലങ്കയ്ക്കായി 41 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും റൺസ് നേടിയ യുവതാരം 42 വെല്ലാലഗേയും പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റും രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 49.1 ഓവറിൽ 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. പത്തോവറിൽ 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. അസലങ്ക 9 ഓവറിൽ 18 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി.

ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ 48 പന്തിൽ 53 റൺസ് നേടി. കെ എൽ രാഹുൽ 44 പന്തിൽ 39 റൺസ് നേടിയപ്പോൾ ഇഷാൻ കിഷൻ 33 റൺസ് നേടി പുറത്തായി. 30 പന്തിൽ 26 റൺസ് നേടിയ അക്ഷർ പട്ടേലാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. സെപ്റ്റംബർ 15 ന് ബംഗ്ലാദേശിനെതിരെയാണ് ഇനി ഇന്ത്യയുടെ മത്സരം. സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ബംഗ്ലാദേശ് ഇതിനോടകം ഏഷ്യ കപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു.

സെപ്റ്റംബർ പതിനേഴിനാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.