Skip to content

ഇനി ഒന്നാമൻ !! തകർപ്പൻ റെക്കോർഡിൽ ഇർഫാൻ പത്താനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ഏഷ്യ കപ്പിൽ തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെ മറികടന്ന് കൊണ്ട് ഈ റെക്കോർഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്.

സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷണകയെ പുറത്താക്കിയതോടെ ഏകദിന ഏഷ്യ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കി.

12 മത്സരങ്ങളിൽ നിന്നും 22 വിക്കറ്റ് നേടിയ ഇർഫാൻ പത്താനെയാണ് ഈ നേട്ടത്തിൽ രവീന്ദ്ര ജഡേജ പിന്നിലാക്കിയത്. 17 ഇന്നിങ്സിൽ പന്തെറിഞ്ഞുകൊണ്ടാണ് ഇർഫാൻ പത്താനെ ജഡേജ പിന്നിലാക്കിയത്. 17 വിക്കറ്റ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.

മൊത്തത്തിലുള്ള കണക്ക് നോക്കിയാൽ 24 മത്സരങ്ങളിൽ നിന്നും 30 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരൻ, 29 വിക്കറ്റ് നേടിയിട്ടുള്ള ലസിത് മലിംഗ, 26 വിക്കറ്റ് നേടിയിട്ടുള്ള അജന്ത മെൻഡിസ്, 25 വിക്കറ്റ് നേടിയ സയീദ് അജ്മൽ എന്നിവരാണ് വിക്കറ്റ് വേട്ടയിൽ ജഡേജയ്ക്ക് മുൻപിലുള്ളത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 49.1 ഓവറിൽ 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, നാല് വിക്കറ്റ് നേടിയ അസലങ്ക എന്നിവരാണ് ഇന്ത്യയെ ചുരുക്കികെട്ടിയത്. 53 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.