Skip to content

തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. നേപ്പാളിനെതിരായ മികച്ച പ്രകടനം പാകിസ്ഥാനെതിരെയും തുടർന്ന ഹിറ്റ്മാൻ ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിലെ തകർപ്പൻ റെക്കോർഡിൽ മുൻ പാക് താരം ഷാഹിദ് അഫ്രീദിയ്ക്കൊപ്പം ഹിറ്റ്മാനെത്തി.

മഴ മൂലം റിസർവ് ഡേയിലേക്ക് മാറ്റിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി 49 പന്തിൽ 56 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. 6 ഫോറും 4 സിക്സും രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും പിറന്നിരുന്നു.

ഈ നാല് സിക്സോടെ ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പം രോഹിത് ശർമ്മയെത്തി. 26 സിക്സ് ഇരുവരും ഏഷ്യ കപ്പിൽ നേടിയിട്ടുണ്ട്.

ഇത് കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും സിക്സ് നേടിയ ബാറ്റ്സ്മാനായി മാറുവാൻ ഇനി 11 സിക്സ് മാത്രമാണ് രോഹിത് ശർമ്മയ്ക്ക് വേണ്ടത്. മത്സരത്തിൽ നേടിയ നാല് സിക്സ് അടക്കം 543 സിക്സ് ഹിറ്റ്മാൻ ഇതുവരെ നേടിയിട്ടുണ്ട്. 553 സിക്സ് നേടിയ ക്രിസ് ഗെയ്ലാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.