Skip to content

അത് രോഹിത് ശർമ്മയുടെ ഡബിൾ സെഞ്ചുറിയേക്കാൾ മികച്ച ഇന്നിങ്സ് !! കോഹ്ലിയെ പ്രശംസിച്ച് ഗംഭീർ

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയും മുൻ താരം ഗൗതം ഗംഭീറും തമ്മിലുളള ബന്ധം അത്ര ഊഷ്മളമല്ല. ഏതാനും മാസങ്ങൾക്ക് മുൻപേ തന്നെ ഐ പി എല്ലിൽ ഇരുവരും തമ്മിൽ അതിരുവിട്ട വാക്കേറ്റം നടന്നിരുന്നു. പലപ്പോഴും വിരാട് കോഹ്ലിയെ വിമർശിക്കാനുള്ള അവസരങ്ങൾ ഗംഭീർ പാഴാക്കാറില്ല. എന്നാൽ ഇപ്പോഴിതാ കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം.

2012 ൽ നടന്ന ഏഷ്യ കപ്പിലെ പാകിസ്ഥാനെതിരായ കോഹ്ലിയുടെ പ്രകടനം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സായാണ് ഗംഭീർ വിലയിരുത്തിയിരിക്കുന്നത്.

ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച ആ മത്സരത്തിൽ 148 പന്തിൽ 183 റൺസ് കോഹ്ലി നേടിയിരുന്നു. ഉമർ ഗുൽ, വഹാബ് റിയാസ്, സയീദ് അജ്മൽ എന്നിവർ അടങ്ങിയ ബൗളിങ് നിരയ്ക്കെതിരെ കോഹ്ലി നടത്തിയ പ്രകടനം രോഹിത് ശർമ്മയും മറ്റുള്ളവരും നേടിയ ഡബിൾ സെഞ്ചുറികളെക്കാൾ മികച്ചതാണെന്നും ഗൗതം ഗംഭീർ പറഞ്ഞു.

330 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ആ മത്സരത്തിൽ ഇന്ത്യ ബാറ്റിങിന് ഇറങ്ങിയത്. എന്നാൽ നേരിട്ട രണ്ടാം പന്തിൽ തന്നെ ഗൗതം ഗംഭീർ റൺ ഒന്നും നേടാതെ പുറത്തായി. സച്ചിൻ അന്ന് 48 പന്തിൽ 52 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് രോഹിത് ശർമ്മയ്ക്കൊപ്പം ചേർന്നാണ് കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. കോഹ്ലി 183 റൺസ് നേടിയപ്പോൾ നാലാമനായി എത്തിയ രോഹിത് ശർമ്മ അന്ന് 68 റൺസ് നേടിയിരുന്നു. 330 റൺസിൻ്റെ വിജയലക്ഷ്യം 13 പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു.