Skip to content

ഇന്ത്യയുടെ ആ വിഭാഗം അതിദുർബലം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിലേക്ക് കെ എൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയെങ്കിലും ടീമിൻ്റെ ശക്തിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിലാണ് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ ശേഷം കെ എൽ രാഹുൽ തിരിച്ചെത്തിയത്.

മത്സരത്തിന് മുൻപേ ശ്രേയസ് അയ്യർക്ക് നടുവിന് അസ്വസ്ഥത ഉണ്ടായതിനാലാണ് ഇഷാൻ കിഷാനെ ഒഴിവാക്കാതെ തന്നെ കെ എൽ രാഹുലിന് പ്ലേയിങ് ഇലവനിൽ എത്താൻ സാധിച്ചത്. ഇഷാൻ കിഷാനെ ഒഴിവാക്കാതിരുന്നത് ആശ്വാസകരമാണെന്നും മികച്ച അവസരമാണ് കെ എൽ രാഹുലിന് ലഭിച്ചിരിക്കുന്നതെന്നും ഗംഭീർ പറഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ മധ്യനിര വളരെ ദുർബലാമാണെന്നും അതിന് പിന്നിലെ കാരണവും ഗംഭീർ വിശദീകരിച്ചു.

” ഇന്ത്യയുടെ മധ്യനിര വളരെ ദുബലമായിട്ടാണ് തോന്നുന്നത്. കെ എൽ രാഹുലാണ് മത്സരത്തിലെ നാലാം നമ്പർ ബാറ്റ്സ്മാൻ. അവൻ ബാറ്റ് ചെയ്തിട്ട് ഏതാനും മാസങ്ങൾ ആയിരിക്കുന്നു. ഇഷാൻ കിഷാനാകട്ടെ ഒരേയൊരു തവണ മാത്രമാണ് അഞ്ചാമനായി കളിച്ചത്. പിന്നീട് വരുന്നത് ഹാർദിക്ക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ”

” തുടക്കത്തിൽ രണ്ടോ മൂന്നോ വിക്കറ്റ് നേടിയാൽ അത്ര ശക്തമല്ലാത്ത മധ്യനിരയെ വീഴ്ത്താമെന്ന തോന്നൽ പാകിസ്ഥാന് ഉണ്ടാകും. ” ഗംഭീർ ഇന്ത്യ പാക് മത്സരത്തിന് മുൻപ് പറഞ്ഞു.

പ്രതീക്ഷിച്ചത് പോലെ മഴ വില്ലനായി എത്തിയതോടെ മത്സരം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുകയാണ്. 24.1 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി നിൽക്കവെയാണ് മഴ വില്ലനായി എത്തിയിരിക്കുന്നത്. 8 റൺസ് നേടിയ കെ എൽ രാഹുലും 17 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 49 പന്തിൽ 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 58 റൺസും നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.