Skip to content

മുൻതൂക്കം ഞങ്ങൾക്ക് !! അവകാശവാദവുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മുൻതൂക്കം തങ്ങൾക്കാണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തൻ്റെ ഈ അഭിപ്രായത്തിന് പിന്നിലെ കാരണവും ബാബർ മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ തുറന്നുപറഞ്ഞു.

ഗ്രൂപ്പ് ഘട്ട പോരാട്ടം പാകിസ്ഥാൻ ഇന്നിങ്സിന് മുൻപേ മഴമൂലം ഉപേക്ഷിച്ചിരുന്നു. സൂപ്പർ ഫോർ പോരാട്ടത്തിലും മഴഭീഷണി നിലനിൽക്കുന്നതിനാൽ റിസർവ് ഡേയും എഷ്യൻ ക്രിക്കറ്റ് കൗൺസിൽ അനുവദിച്ചിട്ടുണ്ട്.

ശ്രീലങ്കയിൽ കൂടുതൽ മത്സരങ്ങൾ കളിച്ചതിൻ്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ക്യാപ്റ്റൻ ബാബർ അസമിൻ്റെ നിരീക്ഷണം. കഴിഞ്ഞ രണ്ട് മാസമായി തങ്ങൾ ശ്രീലങ്കയിൽ കളിക്കുകയാണെന്നും അതിൻ്റെ മുൻതൂക്കം തങ്ങൾക്കുണ്ടെന്നും ബാബർ അസം പറഞ്ഞു.

” ഞങ്ങൾ പാകിസ്ഥാനിലും ഇന്ത്യയിലുമായി തുടർച്ചയായ ക്രിക്കറ്റ് കളിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയേക്കാൾ മുൻതൂക്കം ഞങ്ങൾക്കുണ്ടെന്ന് പറയാനാകും. കഴിഞ്ഞ രണ്ട് മാസത്തോളമായി ഞങ്ങൾ ശ്രീലങ്കയിൽ തുടരുന്നു. ഞങ്ങൾ ടെസ്റ്റ് കളിച്ചു, പിന്നീട് അഫ്ഗാനിസ്ഥാനെതിരായ പരമ്പര കളിച്ചു. ചിലർ ലങ്കൻ പ്രീമിയർ ലീഗിലും കളിച്ചു. അതിനാൽ അതിൻ്റെ ഒരു മേൽക്കൈ ഞങ്ങൾക്കുണ്ടെന്ന് പറയാനാകും. ” ബാബർ അസം പ്രസ്സ് കോൺഫ്രൻസിൽ പറഞ്ഞു.

ഏഷ്യ കപ്പിനായി പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഒരുപാട് സഞ്ചരിക്കേണ്ടിവന്നെങ്കിലും തങ്ങളുടെ ടീം യാത്രയ്ക്കായി മുൻകൂട്ടി തയ്യാറെടുത്തിരുന്നുവെന്നും ബാബർ അസം പറഞ്ഞു.