Skip to content

ഇതെന്താ ടി20 ക്രിക്കറ്റോ !! വെറും 26 പന്തിൽ ഫിഫ്റ്റിയുമായി തകർത്തടിച്ച് ഓസ്ട്രേലിയൻ ഓപ്പണർ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ഡേവിഡ് വാർണറിനെ കാഴ്ച്ചക്കാരനാക്കി നിർത്തികൊണ്ട് ഹെഡ് തകർത്തടിച്ചപ്പോൾ ഓസ്ട്രേലിയൻ സ്കോർ പവർപ്ലേയിൽ തന്നെ 100 കടന്നു.

വെറും 26 പന്തിൽ നിന്നുമാണ് ഹെഡ് തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. റബാഡയും നോർക്കിയയും അടങ്ങുന്ന ബൗളിങ് നിരയ്ക്കെതിരെയാണ് താരത്തിൻ്റെ ഈ ഗംഭീര പ്രകടനം. 36 പന്തിൽ 9 ഫോറും മൂന്ന് സിക്സും നേടിയ താരത്തെ ഒടുവിൽ മില്ലറിൻ്റെ സൂപ്പർ ക്യാച്ചിലൂടെ ഷംസിയാണ് പുറത്താക്കിയത്.

പവർപ്ലേയിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ 102 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. ആരോൺ ഫിഞ്ച് വിരമിച്ചതോടെയാണ് ഏകദിന ടീമിൽ ട്രാവിസ് ഹെഡ് സ്ഥിരാംഗമായത്. ഇതിന് മുൻപും കിട്ടിയ അവസരങ്ങളിൽ തിളങ്ങിയിരുന്നുവെങ്കിലും ടോപ് ഓർഡറിൽ സ്ഥാനം നേടുവാൻ താരത്തിന് സാധിച്ചിരുന്നില്ല. നിലവിൽ മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനമാണ് ഈ താരം തുടരുന്നത്.

മൽസരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടി20 പരമ്പരയിൽ 3-0 ന് പരാജയപെട്ട സൗത്താഫ്രിക്ക കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റിന് പരാജയപെട്ടിരുന്നു. വിജയത്തിനരികെ എത്തിയെങ്കിലും കൺകഷൻ സബായി ഇറങ്ങിയ മാർനസ് ലാബുഷെയ്നാണ് എട്ടാം വിക്കറ്റിൽ അഗറിനൊപ്പം 112 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഇല്ലാത്ത താരം കൂടിയാണ് മാർനസ് ലാബുഷെയ്ൻ.