Skip to content

സഞ്ജു ഫാൻസിന് നിരാശയുണ്ടാകും ! പക്ഷേ … സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തിൽ പ്രതികരിച്ച് ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനത്തിനോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നേരത്തെ ഹർഭജൻ സിങ് അടക്കമുള്ള താരങ്ങൾ സഞ്ജുവിനെ ഒഴിവാക്കിയതിൽ തെറ്റില്ലെന്ന പ്രതികരണം നടത്തിയിരുന്നു.

ഏകദിന ലോകകപ്പ് ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിൽ സഞ്ജു ആരാധകർക്ക് നിരാശ തോന്നുമെങ്കിലും തനിക്കീ തീരുമാനത്തിൽ അത്ഭുതം തോന്നിയില്ലയെന്നായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം. നിരവധി ഓപ്ഷനുകൾ ഉണ്ടായിരുന്നതിനാൽ തന്നെ സഞ്ജുവിന് ടീമിൽ സ്ഥാനം ഉണ്ടായിരുന്നില്ലയെന്നും ആകാശ് ചോപ്ര പറഞ്ഞു.

“സഞ്ജുവിന് ടീമിൽ ഇടം ലഭിക്കില്ലായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ സൂര്യകുമാർ യാദവിന് പകരം തിലക് വർമ്മയെ ഉൾപ്പെടുത്താമായിരുന്നുവെന്ന് എനിക്ക് തോന്നി. കാരണം അവൻ ഇടം കയ്യൻ ബാറ്റ്സ്മാനും ഒരു ഓഫ് സ്പിന്നറും കൂടിയാണ്. “

” ഇനി മധ്യനിരയിലേക്ക് സൂര്യകുമാർ യാദവിൻ്റെയും സഞ്ജു സാംസൻ്റെയും കാര്യം നോക്കിയാൽ അവർ രണ്ടുപേരും പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ലെന്ന കാരൃം ഉറപ്പാണ്. വാസ്തവത്തിൽ കെ എൽ രാഹുൽ, ഇഷാൻ, ശ്രേയസ് അയ്യർ ഇവരിൽ ഒരാളെങ്കിലും പുറത്തിരിക്കേണ്ടിവരും. അതുകൊണ്ട് പ്ലേയിങ് ഇലവനിൽ സ്ഥാനം ഇല്ലെങ്കിൽ ഒരു അധിക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ടീമിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല. ”

” ഒരു എക്സ് ഫാക്ടർ എന്ന നിലയിലാണ് സൂര്യകുമാർ യാദവ് ടീമിലുള്ളത്. പക്ഷേ താതമ്യം ചെയ്യുമ്പോൾ സഞ്ജുവിന് മികച്ച റെക്കോർഡ് ഏകദിനത്തിൽ ഉണ്ട്. തിലക് വർമ്മയാകട്ടെ കൂടുതൽ ഒപ്ഷനുകളും ഇന്ത്യയ്ക്ക് നൽകുന്നു. പക്ഷേ ഇന്ത്യ ടി20 ക്രിക്കറ്റിലെ റെക്കോർഡ് മുൻനിർത്തി സൂര്യകുമാർ യാദവിനെ പിന്തുണച്ചു. സഞ്ജു ഫാൻസിന് നിരാശയുണ്ടാകും. പക്ഷേ ഈ തീരുമാനത്തിൽ എനിക്ക് അത്ഭുതം തോന്നിയില്ല. ” ആകാശ് ചോപ്ര പറഞ്ഞു.