Skip to content

ഇതാണ് മക്കളെ സൂപ്പർ സബ് !! ഓസ്ട്രേലിയയുടെ രക്ഷകനായി മാർനസ് ലാബുഷെയ്ൻ

വീണ്ടും കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തി ഓസ്ട്രേലിയയുടെ രക്ഷകനായി മാറി മാർനസ് ലാബുഷെയ്ൻ. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കാമറോൺ ഗ്രീനിന് പകരക്കാരനായി എത്തികൊണ്ട് ലാബുഷെയ്ൻ ടീമിൻ്റെ വിജയശിൽപ്പിയായത്.

മത്സരത്തിൽ ഫിഫ്റ്റി നേടി പുറത്താകാതെ നിന്ന താരത്തിൻ്റെ മികവിൽ സൗത്താഫ്രിക്ക ഉയർത്തിയ 223 റൺസിൻ്റെ വിജയലക്ഷ്യം 40.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.

റൺചേസിൽ 56 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ഓസ്ട്രേലിയക്ക് നഷ്ടപെട്ടിരുന്നു. ഇത് കൂടാതെ രണ്ട് പന്ത് മാത്രം നേരിട്ട കാമറോൺ ഗ്രീൻ ഹെൽമറ്റിൽ പന്തുകൊണ്ട് കളിക്കളം വിടുകയും ചെയ്തു. പിന്നീട് 93 റൺസിന് ആറ് വിക്കറ്റ് നഷ്ടപെട്ട ശേഷം എട്ടാമനായാണ് ലാബുഷെയ്ൻ കൺകഷൻ സബായി ക്രീസിലെത്തിയത്.

സ്കോർ 113 ൽ നിൽക്കെ അബോട്ടും പുറത്തായതോടെ സൗത്താഫ്രിക്ക വിജയം മണത്തു. എന്നാൽ പിന്നീട് അഗറിനെ കൂട്ടുപിടിച്ച് ലാബുഷെയ്ൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. എട്ടാം വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തുകൊണ്ടാണ് ഇരുവരും ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്.

ആഷ്ടൻ അഗർ 69 പന്തിൽ 48 റൺസും മാർനസ് ലാബുഷെയ്ൻ 93 പന്തിൽ 80 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 142 പന്തിൽ 114 റൺസ് നേടിയ ക്യാപ്റ്റൻ ബാവുമയുടെ ഒറ്റയാൾ പോരാട്ട മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ഓസ്ട്രേലിയക്കായി ഹേസൽവുഡ് മൂന്ന് വിക്കറ്റും മാർക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും നേടി.

വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1-0 ന് മുൻപിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.