Skip to content

ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി ബിസിസിഐ പ്രസിഡൻ്റ്

പാകിസ്ഥാൻ സന്ദർശനത്തിൽ തങ്ങളുടെ സന്തോഷം രേഖപെടുത്തി ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയും വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും. ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാരംഭിക്കുമോയെന്നുള്ള ചോദ്യത്തിനും ഇന്ത്യയിൽ തിരിച്ചെത്തിയതിന് പുറകെ ഇരുവരും മറുപടി നൽകി.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രത്യേക ക്ഷണ പ്രകാരമാണ് വാഗാ ബോർഡർ വഴി ഇരുവരും പാകിസ്ഥാനിൽ എത്തിയത്. വലിയ വരവേൽപ്പാണ് ഇരുവർക്കും പാകിസ്ഥാൻ നൽകിയത്. ലാഹോർ ഗവർണർ ഹൗസിൽ പ്രത്യേക അത്താഴ വിരുന്നിലും ഇരുവരും പങ്കെടുത്തിരുന്നു.

” ഇതൊരു മികച്ച അനുഭവം തന്നെയായിരുന്നു. 1984 ൽ ടെസ്റ്റ് മത്സരം കളിച്ചപ്പോൾ നൽകിയത് അതേ ആതിഥ്യം അവർ ഇക്കുറിയും നൽകി. രാജാക്കന്മാരെ പോലെയാണ് അവർ ഞങ്ങളെ പരിഗണിച്ചത്. പാകിസ്ഥാൻ ഉദ്യോഗസ്ഥരെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗങ്ങളെയും ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ഞങ്ങൾ അവിടെ എത്തിയതിൽ അവർ വളരെ സന്തുഷ്ടരാണ്. ആ നിമിഷം അവിടെ ഉണ്ടായതിൽ ഞങ്ങൾക്കും അതിയായ സന്തോഷമുണ്ട്. ” റോജർ ബിന്നി പറഞ്ഞു.

ഇന്ത്യ പാകിസ്ഥാൻ പരമ്പരകൾ പുനാരാംഭിക്കുന്നതിൽ മറുപടി പറയുവാൻ ബിസിസിഐയ്ക്ക് സാധിക്കുകയില്ലെന്നും അതിൽ മറുപടി നൽകേണ്ടത് ഗവൺമെൻ്റ് ആണെന്നും എന്നാൽ ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലേക്ക് വരാനിരിക്കെ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും ബിസിസിഐ പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.