Skip to content

സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ ഒഴിവാക്കി സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. തൻ്റെ ഈ അഭിപ്രായത്തിന് പിന്നിലെ കാരണവും മുൻ ഇന്ത്യൻ താരം പങ്കുവെച്ചു.

ഏകദിന ക്രിക്കറ്റിൽ സഞ്ജു മികച്ച പ്രകടനമാണ് ഇന്ത്യക്കായി കാഴ്ച്ചവെച്ചിട്ടുള്ളത്. എന്നാൽ സൂര്യകുമാർ യാദവിനാകട്ടെ ഈ ഫോർമാറ്റിൽ ശോഭിക്കാനായിട്ടില്ല. സഞ്ജുവിനെ ഒഴിവാക്കിയതിൽ ആരാധകരുടെ നിരാശ ഇനിയും വിട്ടുമാറിയിട്ടില്ല. ഇതിനിടെയാണ് ഇത്തരമൊരു അഭിപ്രായം ഹർഭജൻ സിങ് പങ്കുവെച്ചിരിക്കുന്നത്.

ലോകകപ്പിനുള്ള പ്ലേയിങ് ഇലവനിൽ പോലും സൂര്യകുമാർ യാദവ് വേണമെന്നും സൂര്യകുമാർ ചെയ്യുന്ന റോൾ ചെയ്യുവാൻ കോഹ്ലിയ്ക്കോ രോഹിത് ശർമ്മയ്ക്കോ പോലും സാധിക്കുകയില്ലെന്നും ഹർഭജൻ സിങ് പറഞ്ഞു.

” സഞ്ജുവിനോട് സെലക്‌ടർമാർ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. സഞ്ജു ഒരു മികച്ച കളിക്കാരൻ തന്നെയാണ്. എന്നാൽ പതിനഞ്ച് പ്ലേയർമാരെയല്ലേ ടീമിൽ ഉൾപെടുത്തുവാൻ സാധിക്കൂ. പക്ഷേ സഞ്ജുവിനെ ഒഴിവാക്കി സൂര്യകുമാർ യാദവിനെ ടീമിലെടുത്തത് ശരിയായ തീരുമാനമായാണ് തോന്നുന്നത്. ”

” മിഡിൽ ഓവറുകളിൽ സൂര്യകുമാർ യാദവിനെ പോലെ കളിക്കുവാൻ സഞ്ജുവിന് സാധിക്കില്ല. ആദ്യ പന്ത് മുതൽക്കെ വലിയ ഷോട്ടുകൾ കളിക്കാൻ അവന് സാധിക്കും. അതിനൊപ്പം വലിയ സ്കോർ നേടാൻ സാധിക്കുമെന്ന വിശ്വാസത സൂര്യകുമാർ യാദവ് നൽകുന്നു. എന്നാൽ സഞ്ജുവാകട്ടെ പുറത്താകാൻ ഏറെ സാധ്യതകളുള്ള ക്രിക്കറ്റ് കളിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ” ഹർഭജൻ സിങ് പറഞ്ഞു.

മധ്യനിരയിൽ സൂര്യകുമാർ യാദവിനെ പോലെ കളിക്കുവാൻ കോഹ്ലിയ്ക്കോ സഞ്ജുവിനോ രോഹിത് ശർമ്മയ്ക്കോ സാധിക്കില്ലെന്നും എം എസ് ധോണിയും യുവരാജ് സിങും ചെയ്തിരുന്ന ജോലിയാണ് അതെന്നും ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.