Skip to content

ഒറ്റ പ്രകടനം കൊണ്ട് എല്ലാം മറക്കരുത് !! രാഹുൽ ഇഷാൻ കിഷൻ തകർക്കത്തിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഇലവനിൽ ഇഷാൻ കിഷൻ തുടരുമോ അതോ കെ എൽ രാഹുൽ താരത്തിന് പകരക്കാരനാകുമോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടെ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

പാകിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനം മുൻനിർത്തി ഭൂരിഭാഗം മുൻ താരങ്ങളും ഇഷാൻ കിഷൻ തുടരണമെന്ന അഭിപ്രായമാണ് മുൻപോട്ട് വെയ്ക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കെ എൽ രാഹുലിനെ പിന്തുണച്ചാണ് ഇർഫാൻ പത്താനെത്തിയിരിക്കുന്നത്.

രണ്ട് പേർക്കും ഒരേ സമയം ഇലവനിൽ സ്ഥാനം നേടുവാനാകില്ലയെന്നും പാകിസ്ഥാനെതിരായ ഇഷാൻ കിഷൻ്റെ പ്രകടനം കൊണ്ട് കഴിഞ്ഞ രണ്ട് വർഷത്തെ കെ എൽ രാഹുലിൻ്റെ പ്രകടനം കാണാതെ പോകരുതെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

” ടോപ് ഓർഡറിൽ ആർക്കെങ്കിലും പരിക്ക് പറ്റിയാൽ മാത്രമേ അവർ രണ്ട് പേർക്കും പ്ലേയിങ് ഇലവനിൽ ഇടം നേടുവാൻ സാധിക്കൂ. പക്ഷേ അത് നമ്മൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. “

” ഇഷാൻ കിഷൻ പാകിസ്ഥാനെതിരെ അഞ്ചാമനായി റൺസ് നേടി. അതവൻ്റെ സ്ഥാനമല്ല. അടുത്ത മത്സരത്തിൽ അവൻ പെട്ടെന്ന് പുറത്തായാൽ അവൻ ഫോമിലല്ലയെന്ന് നമ്മൾ പറയുമോ ? നമ്മൾ എല്ലാം പെട്ടെന്ന് മറക്കുന്നു. ഇഷാൻ ഒരു ഇന്നിംഗ്സ് മാത്രമല്ലേ കളിച്ചുള്ളൂ. കഴിഞ്ഞ രണ്ട് വർഷത്തെ കെ എൽ രാഹുലിൻ്റെ പ്രകടനം നമ്മൾ മറക്കരുത്. ”

” കെ എൽ രാഹുൽ വരട്ടെ കളിക്കട്ടെ ! എന്നിട്ട് അവൻ ഫോമിലെത്തിയില്ല എന്നുണ്ടെങ്കിൽ നിങ്ങൾക്കിത് പറയാം. ലോകകപ്പിൽ മുഴുവൻ ഇഷാൻ കിഷനെ കളിപ്പിക്കാം. ” ഇർഫാൻ പത്താൻ സ്റ്റാർ സ്പോർട്ട്സിൽ പറഞ്ഞു.