Skip to content

വീണ്ടും ബാബർ !! കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർന്നു

ഏകദിന ക്രിക്കറ്റിൽ കിങ് കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് ബാബർ സ്വന്തമാക്കിയത്.

17 റൺസ് നേടി പുറത്തായ താരത്തിന് മത്സരത്തിൽ തിളങ്ങുവാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും മത്സരത്തോടെ കോഹ്ലിയുടെ റെക്കോർഡ് തകർക്കുവാൻ താരത്തിനായി. ഈ ഇന്നിങ്സോടെ ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി 2000 റൺസ് ബാബർ അസം പൂർത്തിയാക്കിയിരുന്നു.

ഇതോടെ ഏകദിനത്തിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ വിരാട് കോഹ്ലിയെ ബാബർ പിന്നിലാക്കി. 36 ഇന്നിങ്സിൽ നിന്നുമാണ് കോഹ്ലി ക്യാപ്റ്റനായി 2000 റൺസ് നേടിയത്. ബാബർ ഈ നാഴികകല്ല് പിന്നിട്ടതാകട്ടെ വെറും 31 ഇന്നിംഗ്സിലും.

എ ബി ഡിവില്ലിയേഴ്സ് (41 ഇന്നിങ്സ്), മൈക്കൽ ക്ലാർക്ക് (47 ഇന്നിംഗ്സ് ) എന്നിവരാണ് ഈ നേട്ടത്തിൽ ബാബറിനും കോഹ്ലിയ്ക്കും പിന്നിലുള്ളത്.

ഏകദിനത്തിൽ ഇതുവരെ 102 ഇന്നിങ്സിൽ നിന്നും 59.48 ശരാശരിയിൽ 5988 റൺസ് ബാബർ അസം നേടിയിട്ടുണ്ട്. 19 സെഞ്ചുറിയും 28 ഫിഫ്റ്റിയും ഇതിനോടകം ബാബർ നേടികഴിഞ്ഞു. ഐസിസി ഏകദിന റാങ്കിങിലേക്ക് നോക്കിയാൽ എതിരാളികൾ ഇല്ലാതെ ബാബർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.