Skip to content

ലോകകപ്പ് വിന്നറായ മുൻ താരത്തെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ പോലീസ്

ഒത്തുകളിയുമായി ബന്ധപ്പെട്ട് മുൻ ക്രിക്കറ്ററും ലോകകപ്പ് ജേതാവും കൂടിയായ സചിത്ര സേനാ നായകെയെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്ക. ശ്രീലങ്കൻ കായിക മന്ത്രാലയത്തിൻ്റെ പ്രത്യേക അന്വേഷണ വിഭാഗത്തിന് മുൻപിലെത്തി സേനാ നായകെ സ്വയം കീഴങ്ങുകയായിരുന്നു.

2020 ലെ ലങ്ക പ്രീമിയർ ലീഗിൽ മത്സരഫലങ്ങളിൽ കൃത്രിമത്വം കാണിക്കുവാൻ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരായ ആരോപണം. ലീഗിൻ്റെ ഉദ്ഘാടന സീസണിനിടെ മാച്ച് ഫിക്സിങിനായി രണ്ട് സഹതാരങ്ങളെ ഇയാൾ വിളിച്ചുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ശ്രീലങ്കൻ ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ മാച്ച് ഫിക്സിൻ്റെ പേരിൽ നിയമനടപടി നേരിടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് ഇയാൾ. നേരത്തെ അന്വേഷണത്തിൻ്റെ ഭാഗമായി കൊളംബോ ചീഫ് മജിസ്ട്രേറ്റ് കോടതി യാത്ര വിലക്ക് ഇയാൾക്ക് ഏർപെടുത്തിയിരുന്നു.

എന്നാൽ സേനാനായകെ കുറ്റമൊന്നും സമ്മതിക്കാൻ തയ്യാറായിരുന്നില്ല. തൻ്റെയും കുടുംബത്തൻ്റെയും മാനം കളയുവാൻ ചിലർ മനപൂർവ്വം കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് സേനാനായകേയുടെ വാദം.

2012 ൽ ശ്രീലങ്കയ്ക്കായി അരങ്ങേറ്റം കുറിച്ച സേനാനായകെ ഒരു ടെസ്റ്റ് മത്സരത്തിലും 49 ഏകദിന മത്സരങ്ങളിലും 24 ടി20 മത്സരങ്ങളിലും ടീമിനായി കളിച്ചിട്ടുണ്ട്. സ്പിൻ ബൗളറായ താരം 78 വിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. 2014 ടി20 ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിൻ്റെ ഭാഗം കൂടിയായിരുന്നു സേനാനായകെ.