Skip to content

ഏഷ്യ കപ്പ് യു എ ഇയിൽ നടത്താതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ജയ് ഷാ

ആവേശത്തോടെ എത്തിയ ഏഷ്യ കപ്പ് ഇപ്പോൾ കനത്ത മഴമൂലം അനിശ്ചിതത്തിലായിരിക്കുകയാണ്. ഇന്ത്യ പാക് പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നപ്പോൾ ഇന്ത്യ നേപ്പാൾ മത്സരത്തിലും മഴ വില്ലനായി എത്തി. വലിയ വിമർശനമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മഴ സീസണിൽ ഏഷ്യ കപ്പ് ശ്രീലങ്കയിൽ ഷെഡ്യൂൾ ചെയ്തതിൽ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറിയും എ സി സി തലവനും കൂടിയായ ജയ് ഷാ.

ഹൈബ്രിഡ് മോഡലിലാണ് ഇക്കുറി ഏഷ്യ കപ്പ് നടക്കുന്നത്. നാല് മത്സരങ്ങൾ പാകിസ്ഥാനിലും മറ്റു മത്സരങ്ങൾ ശ്രീലങ്കയിലും. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ യു എ ഇയിൽ നടത്തിയിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നാണ് ഏവരും അഭിപ്രായപെടുന്നത്.

മത്സരങ്ങൾ മുഴുവനും പാകിസ്ഥാനിൽ നടത്താൻ ഫുൾ മെമ്പർ രാജ്യങ്ങളും സ്പോൺസർമാരും മീഡിയ റൈറ്റ്സ് അവകാശികളും വിസമ്മതിച്ചതിനെ തുടർന്നാണ് താൻ പാകിസ്ഥാൻ മുൻപോട്ട് വെച്ച ഹൈബ്രിഡ് മോഡൽ അംഗീകരിച്ചതെന്നും എന്നാൽ ഇതിനിടെ തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ നേതൃത്വത്തിൽ മാറ്റമുണ്ടായെന്നും യു എ ഇ ഒരു ഒപ്ഷൻ ആയിരുന്നുവെങ്കിലും ചില ആശങ്കകൾ കാരണം ശ്രീലങ്കയെ വേദിയായി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ജയ് ഷാ പറഞ്ഞു.

കഴിഞ്ഞ തവണ യു എ ഇയിൽ നടന്ന ഏഷ്യ കപ്പ് ടി20 ഫോർമാറ്റിൽ ആയിരുന്നുവെന്നും എന്നാൽ സെപ്റ്റംബർ മാസത്തിൽ 100 ഓവർ വരുന്ന മത്സരം യു എ ഇയിലെ കടുത്ത ചൂടിൽ കളിക്കുകയെന്നത് അപ്രായോഗികമാണെന്നും ഈ ചൂടിൽ കളിക്കുന്നത് വഴി കളിക്കാർക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതലാണെന്നും ജയ് ഷാ കാരണമായി ചൂണ്ടിക്കാട്ടി.