Skip to content

അന്ന് ഒഴിവാക്കപെട്ടതിൻ്റെ നിരാശയിൽ ട്വിറ്റർ പോസ്റ്റ് !! ഇന്ന് ലോകകപ്പിൽ ഇന്ത്യയുടെ നായകൻ ! ഇത് രോഹിത് ശർമ്മയുടെ ഹീറോയിസം

അധികം സർപ്രൈസ് ഇല്ലാതെ തന്നെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഹാർദിക്ക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കാൻ ഒരുങ്ങുമ്പോൾ 12 വർഷം പുറകിലേക്ക് നമ്മൾ നോക്കേണ്ടതുണ്ട്.

12 വർഷം മുൻപ് 2011 ൽ ഇന്ത്യയിൽ നടന്ന് ഇന്ത്യ കിരീടം ചൂടിയ ലോകകപ്പ് ടീമിൽ രോഹിത് ശർമ്മ ഉണ്ടായിരുന്നില്ല. ഇന്ന് സഞ്ജു സാംസൺ ഒഴിവാക്കപെട്ടത് പോലെ അന്ന് രോഹിത് ശർമ്മയും ഒഴിവാക്കപെടുകയായിരുന്നു. സുരേഷ് റെയ്നയെയും വിരാട് കോഹ്ലിയെയുമാണ് അന്ന് സെലക്‌ടർമാർ പിന്തുണച്ചത്.

അന്ന് ഒഴിവാക്കപെട്ടതിൻ്റെ നിരാശയിൽ ട്വിറ്ററിൽ രോഹിത് ശർമ്മ തൻ്റെ നിരാശ രേഖപെടുത്തികൊണ്ട് പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീടുള്ള രണ്ട് ഏകദിന ലോകകപ്പിലും ഇന്ത്യക്കായി കളിച്ച താരം മൂന്നാം ലോകകപ്പിൽ ക്യാപ്റ്റനായാണ് വരവറിയിക്കുന്നത്.

അന്ന് നിരാശപെട്ടുനിൽക്കുകയായിരുന്ന തന്നെ ആശ്വസിപ്പിച്ചത് യുവരാജ് സിങ് ആയിരുന്നുവെന്നും തനിയ്ക്ക് തിരിച്ചുവരാനുള്ള കഴിവുണ്ടെന്ന് പറഞ്ഞുകൊണ്ട് യുവി തനിക്ക് ആത്മവിശ്വാസം നൽകിയിരുന്നതായും അടുത്തിടെ നടന്ന അഭിമുഖത്തിൽ രോഹിത് ശർമ്മ പറഞ്ഞിരുന്നു.

രോഹിത് ശർമ്മയുടെ ഈ തിരിച്ചുവരവ് സഞ്ജുവിനും വലിയ പാഠം തന്നെയാണ്. അടുത്ത ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളായി മാറുവാനുള്ള കഴിവും പ്രാപ്തിയും സഞ്ജുവിനുണ്ട്.