Skip to content

ക്രിക്കറ്റ് ഒളിമ്പിക്സിൽ !! നിർണായക തീരുമാനം ഈ ദിവസത്തിൽ

ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള നിർണായക തീരുമാനം ഉടനെ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ലോസ് ഏഞ്ചൽസിൽ നടക്കുന്ന 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള പരിശ്രമത്തിലായിരുന്നു ഐസിസി. ഐസിസിയുടെ പരിശ്രമം വിജയം കണ്ടുവോയെന്ന് സെപ്റ്റംബർ എട്ടിന് അറിയാനാകും.

അന്താരാഷ്ട്ര ഒളിമ്പിക്സ് കൗൺസിലിൻ്റെ നിലവിലെ പ്രസിഡൻ്റ് ക്രിക്കറ്റ് ഉൾപ്പെടുത്തന്നതിൽ തൻ്റെ പിന്തുണ അറിയിച്ചിരുന്നു. ഇക്കാര്യവും വലിയ പ്രതീക്ഷയാണ് ഐസിസിയ്ക്കും ഒപ്പം ആരാധകർക്കും നൽകുന്നത്.

സ്വിറ്റ്സർലാൻഡിൽ ചേരുന്ന യോഗത്തിൽ എക്സിക്യൂട്ടീവ് ബോർഡായിരിക്കും ഏത് ഗെയിം ഉൾപെടുത്തണമെന്നതിൽ അന്തിമ തീരുമാനം കൈകൊള്ളുക. ക്രിക്കറ്റ് ഉൾപെടുത്തുകയാണെങ്കിൽ ടി20 ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ നടക്കുക.

നേരത്തെ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് തിരിച്ചുവരവ് അറിയിച്ചിരുന്നു. മുൻപെല്ലാം ഏഷ്യൻ ഗെയിംസിനായി ടീമിനെ അയക്കാത്ത ബിസിസിഐ ഇക്കുറി ടീമിനെ അയക്കുകയും ചെയ്യുന്നുണ്ട്. ബിസിസിഐ അടക്കമുള്ള ബോർഡുകളുടെ എതിർപ്പിനെ തുടർന്നാണ് ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള കാര്യമായ ശ്രമങ്ങൾ ഐസിസിയുടെ ഭാഗത്തുനിന്നും ഉണ്ടാവാതിരുന്നത്. എന്നാൽ പിന്നീട് ബിസിസിഐയുടെയുംക്രിക്കറ്റ് ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് തുടങ്ങിയ ബോർഡുകളുടെയും ഗ്രീൻ സിഗ്നൽ ലഭിച്ചതോടെയാണ് ഐസിസി കാര്യമായ പരിശ്രമങ്ങൾ തുടങ്ങിയത്.

ടി20 ക്രിക്കറ്റിൻ്റെ വരവ് മറ്റു രാജ്യങ്ങളിൽ ക്രിക്കറ്റിന് ജനപ്രീതി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിൻ്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ഗെയിം ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത് വലിയ രീതിയിൽ തന്നെ ഗുണം ചെയ്യും. ബ്രോഡ്കാസറ്റിംഗ്, പരസ്യവരുമാനം എന്നിവ കണക്കിലെടുത്താൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് ഒളിമ്പിക്സിനും ഗുണം ചെയ്യും.