Skip to content

ആരാധകർക്ക് ഞെട്ടൽ സൂപ്പർതാരം ലോകകപ്പിന് ശേഷം വിരമിക്കും

ഇന്ത്യയ്ക്ക് പുറകെ ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സൗത്താഫ്രിക്ക. ബാവുമ നയിക്കുന്ന ടീമിൽ ശക്തമായ ബാറ്റിങ് നിരയും ബൗളിംഗ് നിരയുമുണ്ട്. എന്നാൽ ലോകകപ്പിന് പുറകെ സൂപ്പർതാരം വിരമിക്കുകയാണെന്ന വാർത്ത ആരാധകർക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ്.

ടീമിൻ്റെ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡീകോക്കാണ് ഈ ലോകകപ്പിന് ശേഷം ഏകദിന ഫോർമാറ്റിൽ നിന്നും വിരമിക്കുന്നത്.

ഏകദിനത്തിൽ 2013 ൽ അരങ്ങേറ്റം കുറിച്ച താരം 140 മത്സരങ്ങളിൽ നിന്നും 44.85 ശരാശരിയിൽ 17 സെഞ്ചുറിയും 29 ഫിഫ്റ്റിയും ഉൾപ്പെടെ 5966 റൺസ് നേടിയിട്ടുണ്ട്. ഹാഷിം അംല, ഡിവില്ലിയേഴ്സ്, ഗിബ്സ് എന്നിവർക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനാണ് ഡീകോക്ക്.

നേരത്തെ ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്സുമായി താരം കരാറിൽ ഏർപ്പെട്ടിരുന്നു. ഏകദിനത്തിൽ നിന്നും വിരമിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ സജീവമാവുകയാകും താരത്തിൻ്റെ പദ്ധതി. ഡീകോക്ക് മാത്രമല്ല ഈ ലോകകപ്പിന് ശേഷം മറ്റു പല താരങ്ങളും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഫ്രഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും.

ഇതിന് മുൻപേ തന്നെ ട്രെൻഡ് ബോൾട്ട്, ജേസൺ റോയ് അടക്കമുള്ള താരങ്ങൾ നാഷണൽ ടീമിൻ്റെ കരാർ റദ്ദാക്കി ഫ്രാഞ്ചൈസികളുടെ ദീർഘകാല കരാറിൽ ഏർപ്പെട്ടിരുന്നു. ഫുട്ബോളിൻ്റെ പാതയിലേക്ക് ക്രിക്കറ്റും നീങ്ങുന്നുവെന്ന സൂചനയാണ് ഇതെല്ലാം തന്നെ നൽകുന്നത്.

സൗദി അടക്കമുള്ള രാജ്യങ്ങൾ ക്രിക്കറ്റിലേക്ക് കൂടെ കണ്ണുവെയ്ക്കാനിരിക്കെ ഇനിയും അനവധി താരങ്ങൾ നാഷണൽ കരാറുകൾ വേണ്ടെന്ന് വെച്ചേക്കാം.