Skip to content

ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് !! സഞ്ജുവിന് ആശ്വാസ വാക്കുകളുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

പ്രതീക്ഷിച്ച പോലെ തന്നെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപെട്ടിരിക്കുകയാണ് സഞ്ജു സാംസൺ. ഏകദിനത്തിലെ മോശം റെക്കോർഡ് ഉണ്ടായിട്ടും സൂര്യകുമാർ യാദവ് ടീമിൽ ഇടം നേടിയപ്പോൾ സഞ്ജു വീണ്ടും തഴയപെടുകയായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട സഞ്ജു അടക്കമുള്ളവർക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

സഞ്ജു സാംസനെ കൂടാതെ യുസ്വെന്ദ്ര ചഹാൽ, ശിഖാർ ധവാൻ എന്നിവരാണ് ടീമിൽ സ്ഥാനം പിടിക്കാതെ പോയ പ്രമുഖ താരങ്ങൾ. ഇതിൽ ഏറ്റവും അർഹതയുണ്ടായിരുന്നത് സഞ്ജുവിന് തന്നെയായിരുന്നു.

2011 ഏകദിന ലോകകപ്പിൽ നിന്നും താൻ ഒഴിവാക്കപെട്ടത് ചൂണ്ടികാട്ടിയാണ് രോഹിത് ശർമ്മ സഞ്ജു അടക്കമുള്ളവരെ ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിച്ചത്. ലോകകപ്പ് ടീമിൽ നിന്നും അവഗണിക്കുമ്പോൾ ഉണ്ടാകുന്ന വേദനയെ പറ്റി തനിയ്ക്ക് അറിയാമെന്നും താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ടീം പ്രഖ്യാപിക്കുന്ന വേളയിൽ രോഹിത് ശർമ്മ പറഞ്ഞു.

തല ഉയർത്തി ഇനി വരുന്ന അവസരങ്ങൾക്കായി കാത്തിരിക്കണമെന്നും 15 കളിക്കാരെ മാത്രമെ തിരഞ്ഞെടുക്കാൻ സാധിക്കൂവെന്നും ഇതാണ് ലോകകപ്പിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച ടീമെന്നും രോഹിത് ശർമ്മ പറഞ്ഞു.