Skip to content

ലോകകപ്പ് ജേഴ്സിയിൽ ഇന്ത്യ മാറ്റി ഭാരതമാക്കണം !! ജയ്ഷായോട് ആവശ്യമുന്നയിച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഭാരതമെന്ന് വിളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേണ്ടർ സെവാഗ്. ഇന്ത്യയെന്ന നമ്മുടെ രാജ്യത്തിൻ്റെ പേര് മാറ്റുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് വീരേന്ദർ സെവാഗിൻ്റെ ഈ ആവശ്യം.

ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഐസിസി ഏകദിന ലോകകപ്പാണിത്. ഒക്ടോബർ അഞ്ചിന് ന്യൂസിലൻഡും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും തമ്മിലുളള പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പ് ആവേശത്തിനായി ആരാധകർ ഒരുങ്ങവെയാണ് ഇത്തരമൊരു നിർദേശം സെവാഗ് മുൻപോട്ട് വെച്ചിരിക്കുന്നത്.

നമ്മൾ ഓരോരുത്തരും ഉള്ളിൽ അഭിമാനം വളർത്തണമെന്നും ഇന്ത്യയെന്നത് ബ്രിട്ടീഷുകാർ നൽകിയ പെടാണെന്നും നമ്മൾ ഭാരതീയരാണെന്നും ആ പേര് ഔദ്യോഗികമാക്കുവാൻ വളരെ കാലമായി കാത്തിരിക്കുകയാണെന്നും ഈ ലോകകപ്പിൽ നമ്മുടെ കളിക്കാരുടെ നെഞ്ചിൽ ഭാരതമുണ്ടെന്ന് ഉറപ്പാക്കാൻ താൻ ജയ് ഷായോട് അഭ്യർത്ഥിക്കുകയാണെന്നും സെവാഗ് പറഞ്ഞു.

നെതർലൻഡ്സ്, മ്യാൻമർ അടക്കമുള്ള രാജ്യങ്ങൾ പേര് മാറ്റിയത് ഉദാഹരണമായും സെവാഗ് ചൂണ്ടിക്കാട്ടി. 1996 ൽ ഹോളണ്ടെന്ന പേരിൽ കളിക്കാനെത്തിയ നെതർലൻഡ്സ് പിന്നീട് പേര് മാറ്റിയെന്നും ബർമ്മയെന്ന് ബ്രിട്ടീഷുകാർ നൽകിയ പേര് മ്യാൻമറും മാറ്റിയെന്നും സെവാഗ് കൂട്ടിച്ചേർത്തു.