Skip to content

തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് നേപ്പാളിനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മഴമൂലം 23 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ തകർത്തടിച്ചപ്പോൾ അനായാസ വിജയം ഇന്ത്യ നേടുകയും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്തു.

മത്സരത്തിൽ നേടിയ തകർപ്പൻ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. 23 ഓവറിൽ 145 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 59 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പെടെ 74 റൺസ് രോഹിത് ശർമ്മ നേടിയിരുന്നു.

ഇത് പത്താം തവണയാണ് ഏഷ്യ കപ്പിൽ രോഹിത് ശർമ്മ 50+ റൺസ് നേടുന്നത്. ഇതോടെ ഏഷ്യ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ 50 + റൺസ് സ്കോർ ചെയ്തിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. രണ്ട് സെഞ്ചുറിയും 7 ഫിഫ്റ്റിയും അടക്കം 9 തവണ 50 + റൺസ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.

8 തവണ 50+ റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇരുവർക്കും പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്.