Skip to content

തകർത്തടിച്ച് രോഹിത് ശർമ്മയും ഗില്ലും ! നേപ്പാളിനെ തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ

ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് 48.2 ഓവറിൽ 230 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. പിന്നീട് ഇന്ത്യൻ ഇന്നിങ്സ് ആരംഭിച്ചപ്പോൾ തന്നെ പ്രതീക്ഷിച്ച പോലെ മഴ വില്ലനായി എത്തി. പിന്നീട് വളരെ വൈകിയാണ് മത്സരം പുനരാരംഭിച്ചത്. കൂടാതെ ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറിൽ 145 റൺസാക്കി പുനർനിശ്ചയിക്കുകയും ചെയ്തു.

145 റൺസിൻ്റെ വിജയലക്ഷ്യം 20.1 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ്മ 59 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പടെ 74 റൺസും ശുഭ്മാൻ ഗിൽ 62 പന്തിൽ 8 ഫോറും ഒരു സിക്സും ഉൾപ്പടെ 67 റൺസും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 25 പന്തിൽ 38 റൺസ് നേടിയ കുശാൽ ബർടൽ, 58 റൺസ് നേടിയ ആസിഫ് ഷെയ്ഖ്, 48 റൺസ് നേടിയ സോംപാൽ കാമി എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഇന്ത്യയ്ക്കായി മൊഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.