Skip to content

വാഗാ ബോർഡർ കടന്ന് പാകിസ്ഥാനിലെത്തി ബിസിസിഐ നേതൃത്വം !! ഇനി രണ്ട് ദിനം പാകിസ്ഥാൻ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രത്യേക ക്ഷണപ്രകാരം പാകിസ്ഥാനിലെത്തി ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയും വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും. വാഗാ ബോർഡർ കടന്നുകൊണ്ടാണ് ഇരുവരും പാകിസ്ഥാനിൽ എത്തിയത്.

ഇന്ന് ലാഹോർ ഗവർണർ ഹൗസിൽ നടന്ന അത്താഴ വിരുന്നിൽ പാക്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്കൻ, ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം ഇരുവരും പങ്കെടുത്തു. നാളെ നടക്കുന്ന അഫ്ഗാനിസ്ഥാൻ ശ്രീലങ്ക പോരാട്ടത്തിനും ഇരുവരും സാക്ഷ്യം വഹിക്കും.

സന്ദർശനം ക്രിക്കറ്റിനെ സംബന്ധിച്ച് മാത്രമാണെന്നും ഇതിൽ യാതൊരു രാഷ്ട്രീയവും ഇല്ലെന്നും രാജീവ് ശുക്ല പ്രതികരിച്ചു. കൂടാതെ ഇന്ത്യ പാകിസ്താനിൽ കളിക്കുവാൻ വിസമ്മതിച്ചത് ഗവൺമെൻ്റിൻ്റെ തീരുമാനം മൂലമാണെന്നും ഗവൺമെൻ്റ് എന്ത് തീരുമാനിക്കുന്നുവോ അത് അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും ഇരുവരും വ്യക്തമാക്കി.

ഏഷ്യ കപ്പിലെ നാല് മത്സരങ്ങൾ പാകിസ്ഥാനിലും മറ്റു മത്സരങ്ങൾ ശ്രീലങ്കയിലുമാണ് ഷെഡ്യൂൾ ചെയ്തത്. എന്നാൽ ശ്രീലങ്കയിലെ കനത്ത മഴകാരണം ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഉപേക്ഷിച്ചിരുന്നു. ഇന്ത്യ നേപ്പാൾ മത്സരവും ഇപ്പോൾ മഴമൂലം തടസ്സപെട്ടിരിക്കുകയാണ്. സൂപ്പർ ഫോർ മത്സരങ്ങളിലും മഴഭീഷണി നിലനിൽക്കുന്നുണ്ട്.