Skip to content

പേരല്ല ഫോമാണ് നോക്കേണ്ടത് !! മൊഹമ്മദ് കൈഫുമായി തർക്കിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിലേക്കുള്ള കെ എൽ രാഹുലിൻ്റെ തിരിച്ചുവരവിനെ ചൊല്ലി ഓൺ എയറിൽ തർക്കിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് കൈഫും ഗൗതം ഗംഭീർ. കൈഫ് കെ എൽ രാഹുൽ തിരിച്ചെത്തണമെന്ന അഭിപ്രായം മുൻപോട്ട് വെച്ചപ്പോൾ മധ്യനിരയിൽ ഇഷാൻ കിഷൻ തുടരണമെന്നും തുടർച്ചയായ നാല് ഫിഫ്റ്റി നേടിയ ഒരു താരത്തെ ഒഴിവാക്കുവാൻ സാധിക്കുകയില്ലെന്നും ഗംഭീർ വാദിച്ചു.

ഫിറ്റ്നസിനെ പറ്റിയുള്ള ആശങ്ക നിലനിന്നതിനാലാണ് ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കെ എൽ രാഹുലിന് കളിക്കാൻ സാധിക്കാതെ വന്നത്. കെ എൽ രാഹുലിൻ്റെ അഭാവം കൊണ്ട് മാത്രമായിരുന്നു മികച്ച ഫോമിലായിരുന്നു ഇഷാൻ കിഷന് മധ്യനിരയിൽ അവസരം ലഭിച്ചത്. ഓപ്പണിങിൽ തിളങ്ങിയിരുന്ന താരം ഏവരെയും ഞെട്ടിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് ഇന്ത്യയുടെ രക്ഷകനാവുകയും ചെയ്തു.

സൂപ്പർ ഫോർ ഘട്ടത്തിൽ കെ എൽ രാഹുൽ തിരിച്ചെത്തുന്നതോടെ ഇഷാൻ കിഷനെ ഇന്ത്യയ്ക്ക് പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കേണ്ടിവരും.

കെ എൽ രാഹുൽ മാച്ച് വിന്നറാണെന്നും കെ എൽ രാഹുൽ തിരിച്ചെത്തിയാൽ പ്ലേയിങ് ഇലവനിൽ തീർച്ചയായും ഉണ്ടാകുമെന്നും ഇഷാൻ കിഷൻ തൻ്റെ അവസരത്തിനായി ഇനിയും കാത്തിരിക്കണമെന്നുമുള്ള അഭിപ്രായമാണ് കൈഫ് മുൻപോട്ട് വെച്ചത്.

കൈഫിൻ്റെ അഭിപ്രായത്തിൽ ക്ഷുഭിതനായ ഗംഭീർ ലോകകപ്പ് നേടണമെന്നുണ്ടെങ്കിൽ താരങ്ങളുടെ പേരിനല്ല ഫോമിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഇഷാൻ കിഷൻ്റെ സ്ഥാനത്ത് രോഹിത് ശർമ്മയോ വിരാട് കോഹ്ലിയോ ആയിരുന്നെങ്കിൽ താങ്കൾ ഈ അഭിപ്രായം പറയുമോയെന്നും ലോകകപ്പിൽ ഫോമിലുള്ള താരങ്ങളായിരിക്കും ട്രോഫി നേടിതരികയെന്നും ഗംഭീർ മറുപടിയായി പറഞ്ഞു.