Skip to content

അടിയോടടി !! മൂന്നാം മത്സരത്തിലും സൗത്താഫ്രിക്കയെ തല്ലി തോൽപ്പിച്ച് ഓസ്ട്രേലിയ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ആദ്യ രണ്ട് മത്സരങ്ങളിൽ എന്ന പോലെ ഏകപക്ഷീയ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. വിജയത്തോടെ ടി20 പരമ്പര ഓസ്ട്രേലിയ തൂത്തുവാരുകയും ചെയ്തു.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 191 റൺസിൻ്റെ വിജയലക്ഷ്യം 17.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ നിറംമങ്ങിയ ട്രാവിസ് ഹെഡ് തകർത്തടിച്ചതോടെയാണ് അനായാസ വിജയം ഓസ്ട്രേലിയ കുറിച്ചത്.

48 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പെടെ 91 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ജോഷ് ഇൻഗ്ലീഷ് 22 പന്തിൽ ഒരു ഫോറും 4 സിക്സും ഉൾപ്പടെ 42 റൺസും മാർക്കസ് സ്റ്റോയിനിസ് 21 പന്തിൽ 37 റൺസും നേടി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 23 പന്തിൽ 41 റൺസ് നേടിയ ഐയ്ഡൻ മാർക്രം, 21 പന്തിൽ 48 റൺസ് നേടിയ ഫെറൈറ, 30 പന്തിൽ 42 റൺസ് നേടിയ ഹെൻഡ്രിക്സ് എന്നിവരുടെ മികവിലാണ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയത്.

ഓസ്ട്രേലിയക്കായി സീൻ അബോട്ട് നാല് വിക്കറ്റും ആഡം സാംപ രണ്ട് വിക്കറ്റും വീഴ്ത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്തുവാരി.