Skip to content

ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം ഏഷ്യ കപ്പിനായി ശ്രീലങ്കയിലേക്ക്

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് പുറകെ ഇന്ത്യൻ ടീമിന് സന്തോഷവാർത്ത. ടീമിലെ സീനിയർ താരം കെ എൽ രാഹുൽ ശ്രീലങ്കയിലേക്ക് തിരിക്കുകയും ഇന്ത്യൻ ടീമിനൊപ്പം ചേരുകയും ചെയ്യും. മെഡിക്കൽ ടീമിൻ്റെ ഗ്രീൻ സിഗ്നൽ കിട്ടിയതോടെയാണ് കെ എൽ രാഹുൽ ശ്രീലങ്കയിലേക്ക് തിരിക്കുന്നത്.

എന്നാൽ നാളെ നേപാളിനെതിരെ നടക്കുന്ന മത്സരത്തിലും കെ എൽ രാഹുൽ കളിക്കില്ല. ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചാൽ താരത്തിന് ഇക്കുറി ഏഷ്യ കപ്പിൽ കളിക്കാനാകും. മറ്റു ടീമംഗങ്ങൾ ശ്രീലങ്കയിലേക്ക് തിരിച്ചപ്പോൾ ഫിറ്റ്നസിനെ കുറിച്ച് ചില ആശങ്കകൾ നിലനിൽക്കുന്നതിനാൽ കെ എൽ രാഹുൽ ഇന്ത്യയിൽ തുടർന്നിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ താരം നീണ്ട സമയം പരിശീലനം നടത്തിയെന്നും താരത്തിൻ്റെ ഫിറ്റ്നസിൽ മെഡിക്കൽ ടീമിന് പൂർണ തൃപ്തി ലഭിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.

കെ എൽ രാഹുൽ തിരിച്ചെത്തുന്നതോടെ സഞ്ജു സാംസൻ്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചു. എന്നാൽ ഏഷ്യ കപ്പിലെന്ന പോലെ സ്റ്റാൻഡ്ബൈ താരമായി സഞ്ജുവിനെ ഉൾപ്പെടുത്തിയേക്കാം.

എന്നാൽ ആദ്യ മൽസരത്തിൽ മധ്യനിരയിൽ ഇഷാൻ കിഷൻ കാഴ്ച്ചവെച്ച പ്രകടനം കെ എൽ രാഹുലിൻ്റെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാക്കില്ല. പ്രത്യേകിച്ചും ഒരു ഇടം കയ്യൻ ബാറ്റ്സ്മാൻ്റെ അഭാവം ഇന്ത്യയ്ക്കുള്ളതിനാൽ ഇന്ത്യ ഇഷാൻ കിഷനെ വെച്ച് മുൻപോട്ട് പോയാൽ അത്ഭുതപെടേണ്ടതില്ല.