Skip to content

അവർക്ക് പരിക്ക് പറ്റിയതിൽ ഞങ്ങളെ കുറ്റപെടുത്തിയിട്ട് എന്തുകാര്യം !! വിമർശകർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ദ്രാവിഡ്

ഏഷ്യ കപ്പ് ആരംഭിക്കാനിരിക്കെ ഇപ്പോഴും ഇന്ത്യ ടീം ബാലൻസ് കണ്ടെത്താൻ പാടുപെടുകയാണ്. ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോഴും ടീം കോംബിനേഷൻ കണ്ടെത്താൻ ഇന്ത്യയ്ക്കായിട്ടില്ല. വലിയ വിമർശനമാണ് ആരാധകരിൽ നിന്നും ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കമുള്ളവർ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.

മധ്യനിരയിലാണ് ഇന്ത്യൻ ടീമിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നത്. എന്നാൽ 18 മാസം മുൻപേ തന്നെ മധ്യനിരയിലെ താരങ്ങളെ തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അപ്രതീക്ഷിതമായ പരിക്കാണ് പദ്ധതികൾ തകർത്തതെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

” ഇപ്പോൾ നാലാം നമ്പറിനെ കുറിച്ചും അഞ്ചാം നമ്പറിനെ കുറിച്ചും ധാരാളം ചർച്ചകൾ നടക്കുന്നു. അവിടെ ആരാണ് കളിക്കുന്നതെന്നതിനെ കുറിച്ച് ഞങ്ങൾക്ക് വ്യക്തത ഉണ്ടായിരുന്നില്ലെന്ന ധാരണയുണ്ട്. പക്ഷേ അത് ശരിയല്ല. പതിനെട്ട് മാസം മുൻപേ തന്നെ അതിന് വ്യക്തമായ ഉത്തരം ഞങ്ങൾക്ക് ഉണ്ടായിരുന്നു. ”

” ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, റിഷഭ് പന്ത് എന്നിവരായിരുന്നു ഞങ്ങളുടെ പദ്ധതിയിൽ ഉണ്ടായിരുന്നത്. എന്നാൽ രണ്ട് മാസത്തിനുളളിൽ മൂന്ന് പേർക്കും പരിക്ക് പറ്റിയത് ദൗർഭാഗ്യകരമാണ്. അവർ മൂന്ന് പേർക്കും ഗുരുതരമായ പരിക്കാണ് പറ്റിയത്. അവിടെ എന്താണ് ചെയ്യേണ്ടത്. തീർച്ചയായും അവർക്ക് പകരം മറ്റുള്ളവരെ പരീക്ഷിക്കണം. ലോകകപ്പിൽ അവർ ഫിറ്റ് അല്ലാതെ വന്നാൽ എന്തുചെയ്യും. ആ സാഹചര്യത്തിൽ ഞങ്ങൾ ഒരുപാട് പേരെ പരീക്ഷിച്ചു. ” ദ്രാവിഡ് പറഞ്ഞു.