Skip to content

കെ എൽ രാഹുൽ ഇല്ലെങ്കിലും സഞ്ജു പുറത്തുതന്നെ !! ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി ആരാധകർ

ഏഷ്യ കപ്പ് നാളെ ആരംഭിക്കാനിരിക്കെ ടീം കോംബിനേഷനിൽ ഇപ്പോഴും അവ്യക്തതയിൽ തുടരുകയാണ് ഇന്ത്യൻ ടീം. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ കെ എൽ രാഹുൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും പുറത്തായതോടെ ബാറ്റിങ് പൊസിഷനിൽ അടിമുടി മാറ്റം വരുത്തുവാൻ നിർബന്ധിതരായിരിക്കുകയാണ് ഇന്ത്യൻ ടീം.

കെ എൽ രാഹുൽ ദ്രാവിഡ് ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും പുറത്തായെങ്കിലും സഞ്ജു സാംസൺ റിസർവ് താരമായി തന്നെ തുടരും. ഇതോടെ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായി എത്തും. ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ ബാറ്റിങ് പൊസിഷനിൽ നിരവധി മാറ്റങ്ങൾക്ക് ഇന്ത്യ മുതിരേണ്ടിവരും.

ഓപ്പണറായി മാത്രമേ ഇഷാൻ കിഷാനെ ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുള്ളൂ. ഇതോടെ രോഹിത് ശർമ്മയോ ഗില്ലോ തങ്ങളുടെ ഓപ്പണിങ് സ്ഥാനത്തുനിന്നും പിന്മാറേണ്ടിവരും. അങ്ങനെ പിന്മാറുന്ന താരം മൂന്നാമനായാണ് കളിക്കുന്നതെങ്കിൽ കോഹ്ലി നാലാമനായി കളിക്കേണ്ടി വരും. ഏകദിനത്തിൽ നാലാമനായി അത്ര മികച്ച റെക്കോർഡ് കോഹ്ലിയ്ക്കില്ല. ഒരു പക്ഷേ ഈ മാറ്റം താരത്തിൻ്റെ താളം തെറ്റിക്കുന്നതിനും കാരണമാകാം.

കെ എൽ രാഹുൽ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം തിരിച്ചെത്തുമോയെന്ന കാര്യവും ഇതുവരെ ഉറപ്പായിട്ടില്ല. സെപ്റ്റംബർ നാലിന് മാത്രമേ ഇക്കാര്യത്തിൽ വ്യക്തത പറയാനാകൂ. ഏഷ്യ കപ്പിന് ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് മുൻപിൽ തയ്യാറെടുപ്പിനുള്ളത്. മറ്റു ടീമുകൾ ഉറപ്പിച്ച ബാറ്റിങ് പൊസിഷനുമായി ശക്തി നോക്കാൻ ഇറങ്ങുമ്പോൾ ഇന്ത്യ ഇപ്പോഴും ടീം കോംബിനേഷനിൽ ഇരുട്ടിൽ തപ്പുകയാണ്.

കെ എൽ രാഹുൽ ഇല്ലാഞ്ഞിട്ടും സഞ്ജുവിനെ പരിഗണിക്കാത്തതിൽ വലിയ വിമർശനമാണ് ഇന്ത്യൻ ടീം നേരിടുന്നത്. വിൻഡീസിനെതിരായ ടി20 പരമ്പരയിൽ തിളങ്ങിയില്ലയെങ്കിലും ഏകദിനത്തിൽ മികച്ച പ്രകടനം തന്നെയാണ് സഞ്ജു തുടരുന്നത്.