Skip to content

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! ഏഷ്യ കപ്പിലെ ആദ്യ മത്സരങ്ങളിൽ നിന്നും സൂപ്പർതാരം പുറത്ത്

ഏഷ്യ കപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ സൂപ്പർതാരം കെ എൽ രാഹുൽ ടൂർണമെൻ്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കില്ല.

പാകിസ്ഥാനെതിരെ സെപ്റ്റംബർ രണ്ടിന് നടക്കുന്ന മത്സരവും അതിന് ശേഷം സെപ്റ്റംബർ നാലിന് നേപ്പാളിനെതിരെ നടക്കുന്ന മത്സരവും കെ എൽ രാഹുലിന് നഷ്ടമാകും. ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് തന്നെയാണ് പ്രസ്സ് കോൺഫ്രൻസിൽ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഏഷ്യ കപ്പിനായി ടീം നാളെ ശ്രീലങ്കയിലേക്ക് പോകുമ്പോൾ കെ എൽ രാഹുൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടരുകയും ഫിസിയോസിനൊപ്പം വർക്ക് ചെയ്യുകയും ചെയ്യും. ഏഷ്യ കപ്പിലെ സൂപ്പർ ഫോർ ഘട്ടത്തിലായിരിക്കും കെ എൽ രാഹുൽ തിരിച്ചെത്തുക. എന്നാൽ അതിലും ഇപ്പോൾ ഉറപ്പുവരുത്തുവാൻ സാധിക്കില്ല. സെപ്റ്റംബർ നാലിനായിരിക്കും കെ എൽ രാഹുലിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. മറുഭാഗത്ത് ശ്രേയസ് അയ്യർ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തുവെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.

കെ എൽ രാഹുൽ നന്നായി ബാറ്റ് ചെയ്യുന്നുവെന്നും ലോകകപ്പ് മുന്നിൽ കണ്ട് ജാഗ്രതയോടുള്ള സമീപനമാണ് തങ്ങൾക്കുള്ളതെന്നും ലോകകപ്പിന് മുൻപായി ഓസ്ട്രേലിയക്കെതിരായ പരമ്പരയും നടക്കുന്നതിനാൽ തങ്ങൾക്ക് ആശങ്കകൾ ഇല്ലെന്നും കെ എൽ രാഹുലും അയ്യരും പരിചയസമ്പന്നരായ താരങ്ങൾ ആണെന്നും അതിനാൽ തന്നെ തയ്യാറെടുപ്പിനെ കുറിച്ച് ആശങ്കൾ ഇല്ലെന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.