Skip to content

ഏഷ്യ കപ്പിൽ ഞാൻ ഏകദിനം പഠിക്കും !! പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ താരം

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനത്തിന് ഏഷ്യ കപ്പോടെ അവസാനമാകുമെന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഏകദിന ക്രിക്കറ്റ് എങ്ങനെ കളിക്കണമെന്ന് ടൂർണമെൻ്റിൽ താൻ പഠിച്ചെടുക്കുമെന്നും ടീം ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

ഏകദിനത്തിൽ ഇന്ത്യയ്ക്കായി 26 മത്സരങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാർ യാദവ് 511 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. എന്നിരുന്നാലും താരത്തെ ഏഷ്യ കപ്പിനുള്ള ടീമിൽ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നു. മറുഭാഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

” ടീം എനിക്ക് നൽകുന്ന റോൾ അത് എന്തുതന്നെയായാലും നിറവേറ്റുവാൻ ഞാൻ ശ്രമിക്കും. മികച്ച പ്രകടനം ഞാൻ ആഗ്രഹിക്കുന്ന ഫോർമാറ്റ് ആണിത്. ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ഞാൻ കാഴ്ച്ചവെയ്ക്കുന്നത്. ആ എനിക്ക് ഈ ഫോർമാറ്റിൽ തിളങ്ങാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും ആശ്ചര്യപെടുന്നു. “

” ഞാൻ ഏറെ പരിശീലനം നടത്തുകയാണ്. ഈ ഫോർമാറ്റാണ് എനിക്ക് ഏറ്റവും വെല്ലുവിളിയായി തോന്നുന്നത്. എല്ലാ ഫോർമാറ്റിലെയും പോലെ ഇവിടെ കളിക്കണം. ആദ്യം അൽപ്പം സമയം എടുക്കണം, പിന്നീട് സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യണം. പിന്നീട് ടി20 യിലെന്ന പോലെ വലിയ ഷോട്ടുകൾ കളിക്കണം. ”

” ഇപ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ ഫോർമാറ്റോടെ ഏകദിന ക്രിക്കറ്റ് പഠിച്ചെടുക്കാൻ എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ” സൂര്യകുമാർ യാദവ് പറഞ്ഞു.