Skip to content

സെപ്റ്റംബർ ഒന്നിന് മുൻപേ ആ സീൻ നീക്കം ചെയ്യും ! ജെയ്ലർ സിനിമയ്ക്കെതിരായ നിയമ പോരാട്ടത്തിൽ ആർ സീ ബീയ്ക്ക് വിജയം

രജനീകാന്തിൻ്റെ സൂപ്പർഹിറ്റ് സിനിമയായ ജയ്‌ലറുടെ നിർമ്മാതാക്കളുമായ നിയമപോരാട്ടത്തിൽ ഐ പി എൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം. ആർ സീ ബിയുടെ ജേഴ്സി ഉപയോഗിച്ചുകൊണ്ടുള്ള രംഗം ടീമിൻ്റെ ആവശ്യപ്രകാരം സിനിമയിൽ നിന്നും ഒഴിവാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു.

സിനിമയിൽ ഒരു കൊലയാളി ആർ സീ ബിയുടെ ജേഴ്സി ധരിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ കഥാപാത്രം സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന് പുറകെയാണ് ആർ സീ ബി ടീം മാനേജ്മെൻ്റ് ഡൽഹി കോടതിയിൽ ഹർജി നൽകിയത്.

ജേഴ്സി ഉപയോഗിച്ചത് ടീമിൻ്റെ അനുവാദം ഇല്ലാതെയാണെന്നും സിനിമയിലെ സീൻ ടീമിൻ്റെ മൂല്യത്തെയും സ്പോൺസർമാരുടെ അവകാശങ്ങളെയും പ്രതീകൂലമായി ബാധിക്കുമെന്നുമായിരുന്നു കോടതിയിൽ ആർ സീ ബി അഭിഭാഷകൻ്റെ വാദം.

കോടതിയ്ക്ക് പുറത്താണ് പ്രശ്നം ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്. പ്രസ്തുത രംഗം സിനിമയിൽ നിന്നും നീക്കം ചെയ്യുവാൻ സമ്മതിച്ചതായി ഇരു വിഭാഗവും കോടതിയെ അറിയിച്ചു.