Skip to content

സഞ്ജുവും ഗയ്ക്ക്വാദും തുടങ്ങി ഫിനിഷ് ചെയ്ത് റിങ്കുവും ദുബെയും !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 185 റൺസ് അടിച്ചുകൂട്ടി. സഞ്ജു സാംസൺ, റിതുരാജ് ഗയ്ക്ക്വാദ്, റിങ്കു സിങ്, ശിവം ദുബെ എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

തുടക്കത്തിൽ തന്നെ ജയ്സ്വാൾ, തിലക് വർമ്മ എന്നിവരെ നഷ്ടപെട്ട് സമ്മർദ്ദത്തിലായ ഇന്ത്യയെ സഞ്ജുവിൻ്റെ കൗണ്ടർ അറ്റാക്കിങ് ഇന്നിങ്സാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. 26 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 40 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.

മറുഭാഗത്ത് ശ്രദ്ധയോടെ ബാറ്റ് വീശിയ ഗയ്ക്ക്വാദ് 43 പന്തിൽ 6 ഫോറും ഒരു സിക്സും ഉൾപ്പെടെ 58 റൺസ് നേടിയാണ് പുറത്തായത്. റിങ്കുവും ശിവം ദുബെയും തുടക്കത്തിൽ റൺസ് നേടുവാൻ പ്രയാസപെട്ടുവെങ്കിലും അവസാന ഓവറുകളിൽ ഇരുവരും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 180 കടന്നു. റിങ്കു സിങ് 21 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പടെ 38 റൺസ് നേടി പുറത്തായപ്പോൾ ശിവം ദുബെ 16 പന്തിൽ 22 റൺസ് നേടി.

അയർലൻഡിനായി ബാരി മക്കാർത്തി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.