Skip to content

സഞ്ജുവിൻ്റെ റോയൽസ് വിട്ടു !! മലിംഗ തൻ്റെ പഴയ തട്ടകത്തിലേക്ക്

രാജസ്ഥാൻ റോയൽസിനോട് വിടപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്. ന്യൂസിലൻഡ് മുൻ പേസർ ഷെയ്ൻ ബോണ്ടിനെ മാറ്റികൊണ്ടാണ് ബൗളിംഗ് പരിശീലകനായി മലിംഗയെ മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിച്ചിരിക്കുന്നത്.

നീണ്ട 9 സീസണുകൾക്ക് ശേഷമാണ് ഷെയ്ൻ ബോണ്ട് മുംബൈ ഇന്ത്യൻസിൻ്റെ പരിശീലക സ്ഥാനം ഒഴിയുന്നത്. മറുഭാഗത്ത് 2021 ൽ വിരമിച്ച ശേഷമാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി രാജസ്ഥാൻ റോയൽസിൻ്റെ ബൗളിങ് പരിശീലകനായി കുമാർ സംഗക്കാരയ്ക്കൊപ്പം മലിംഗ പ്രവർത്തിച്ചത്.

ഇതിന് മുൻപ് 2018 ൽ മുംബൈയുടെ സപ്പോർട്ട് സ്റ്റാഫിൽ ഒരാളായിരുന്ന മലിംഗ പിന്നീട് ടീമിനായി പ്ലേയറായി തന്നെ തിരിച്ചെത്തിയിരുന്നു. മുംബൈയ്ക്കായി 139 മത്സരങ്ങൾ കളിച്ച മലിംഗ 195 വിക്കറ്റ് ടീമിനായി നേടിയിട്ടുണ്ട്. നാല് തവണ മുംബൈ ഇന്ത്യൻസിനൊപ്പം ഐ പി എൽ കിരീടം നേടുവാനും മലിംഗയ്ക്ക് സാധിച്ചു.

2015 ൽ മുംബൈ ഇന്ത്യൻസിൽ ചേർന്ന ബോണ്ട് നിലവിൽ Mi ഫ്രാഞ്ചൈസികളുടെ ഗ്ലോബൽ പെർഫോമൻസിൻ്റെ തലവൻ കൂടിയാണ്. സൗത്താഫ്രിക്കൻ ലീഗിലും യു എ ഇ ലീഗിലും അമേരിക്കൻ ലീഗിലും നിലവിൽ മുംബൈ ഇന്ത്യൻസിന് ടീമുകളുണ്ട്.