Skip to content

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ വൈകാതെ പ്രഖ്യാപിക്കും !! അക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം 30 ന് പാകിസ്താനും നേപ്പാളും തമ്മിലുളള മത്സരത്തോടെയാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് ടൂർണമെൻ്റ് നടക്കുന്നത്. സെപ്റ്റംബർ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

റിപ്പോർട്ടുകൾ അനുസരിച്ച് മറ്റന്നാൾ ഓഗസ്റ്റ് 21 ന് ഇന്ത്യ ടീമിനെ പ്രഖ്യാപിക്കും. അജിത് അഗാർക്കർ തലവനായ സെലക്ഷൻ കമ്മിറ്റി ന്യൂഡൽഹിയിൽ ചേരുന്ന യോഗത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, അയർലൻഡ് പര്യടനത്തിൽ ടീമിനൊപ്പമുള്ള സെലക്ടർ എസ് എസ് ദാസും വീഡിയോ കോൺഫ്രൻസ് വഴി യോഗത്തിൽ പങ്കുചേരും.

ഏഷ്യ കപ്പിനുള്ള അതേ ടീമിനെ ഏകദിന ലോകകപ്പിനും ഇന്ത്യ തിരഞ്ഞെടുക്കും. ഏഷ്യ കപ്പിനായി ശ്രീലങ്കയിലേക്ക് പോകുന്നതിന് മുൻപേ ആറ് ദിവസത്തെ ക്യാമ്പിനായി ടീമംഗങ്ങൾ ബാംഗ്ലൂരിൽ ചേരും.

കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ ഫിറ്റ്നസിനെ കുറിച്ച് തന്നെയായിരിക്കും സെലക്ഷൻ കമ്മിറ്റിയിലെ പ്രധാന ചർച്ച. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുള്ള ഇരുവരും തിരിച്ചുവരവിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. പരിശീലന മത്സരത്തിൽ പങ്കെടുത്ത ശ്രേയസ് അയ്യർ 50 ഓവറുകൾ ഫീൽഡ് ചെയ്യുകയും 38 ഓവറുകളിൽ ബാറ്റ് ചെയ്യുകയും ചെയ്തിരുന്നു. മറുഭാഗത്ത് കെ എൽ രാഹുൽ ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. രണ്ടാം പരിശീലന മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .