Skip to content

മഴ വില്ലനായി !! അയർലൻഡിനെതിരെ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം രണ്ട് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

140 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 6.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് നേടി നിൽക്കവെയാണ് മഴ കളി മുടക്കിയത്. DLS Par സ്കോർ ആ സമയത്ത് 45 മാത്രമായിരുന്നു. മികച്ച പോരാട്ടം കാഴ്ച്ചവെച്ചുവെങ്കിലും മത്സരത്തിൻ്റെ തുടക്കത്തിലെ തകർച്ചയാണ് അയർലൻഡിൻ്റെ തോൽവിക്ക് വഴിയൊരുക്കിയത്.

24 റൺസ് നേടിയ ജയ്സ്വാൾ, പൂജ്യത്തിന് പുറത്തായ തിലക് വർമ്മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 19 റൺസ് നേടിയ ഗയ്ക്ക്വാദും ഒരു റൺ നേടിയ സഞ്ജുവുമായിരുന്നു ഇന്ത്യയ്ക്കായി ക്രീസിലുണ്ടായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഒരു ഘട്ടത്തിൽ 31 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ശേഷമാണ് പിന്നീട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് അടിച്ചുകൂട്ടിയത്.

33 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പെടെ 51 റൺസ് നേടിയ ബാരി മക്കാർത്തി, 33 പന്തിൽ 39 റൺസ് നേടിയ കർടിസ് കാംഫർ എന്നിവരാണ് അയർലൻഡിനായി തിളങ്ങിയത്. ഞായറാഴ്ച്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.