Skip to content

വീണ്ടും ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയ്ക്കും ബാബറിനുമൊപ്പമെത്തി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് സൂര്യകുമാർ യാദവ്. മറ്റുള്ളവർ നിരാശപെടുത്തിയപ്പോൾ ഫിഫ്റ്റി നേടിയ സൂര്യയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലി, ബാബർ അസം എന്നിവർക്കൊപ്പം സൂര്യകുമാർ യാദവ് എത്തുകയും ചെയ്തു.

45 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പെടെ 61 റൺസ് സൂര്യകുമാർ യാദവ് നേടിയിരുന്നു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ താരത്തിൻ്റെ പതിനഞ്ചാം ഫിഫ്റ്റിയാണിത്.

ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 50 ഇന്നിങ്സുകൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ വിരാട് കോഹ്ലി ബാബർ അസം എന്നിവർക്കൊപ്പം സൂര്യകുമാർ യാദവ് എത്തി. മൂവരും 50 ഇന്നിങ്സ് പിന്നിട്ടപ്പോൾ 18 തവണ 50 + സ്കോർ നേടിയിട്ടുണ്ട്. 15 ഫിഫ്റ്റി കൂടാതെ മൂന്ന് സെഞ്ചുറിയും ഈ ഫോർമാറ്റിൽ ഇന്ത്യയ്ക്കായി സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. 27 റൺസ് നേടിയ തിലക് വർമ്മയാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറർ. സഞ്ജു 13 റൺസും ഹാർദിക്ക് പാണ്ഡ്യ 18 പന്തിൽ 14 റൺസും നേടി പുറത്തായി.