Skip to content

ബാബറിൻ്റെയും റിസ്വാൻ്റെയും റെക്കോർഡ് തകർത്ത് ജയ്സ്വാൾ – ഗിൽ സഖ്യം

ഗംഭീര പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. ഇരുവരും തകർത്തടിച്ചപ്പോൾ മത്സരം അനായാസ വിജയം കുറിച്ചുകൊണ്ട് ഇന്ത്യ പരമ്പരയിൽ വിൻഡീസിന് ഒപ്പമെത്തുകയും ചെയ്തിരുന്നു.

ഓപ്പണിങ് കൂട്ടുകെട്ടിൽ 165 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ശുഭ്മാൻ ഗിൽ 47 പന്തിൽ 77 റൺസ് നേടിയപ്പോൾ യശസ്വി ജയ്സ്വാൾ 51 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയിരുന്നു. നിരവധി റെക്കോർഡുകൾ ഓപ്പണിങ് കൂട്ടുകെട്ടിലൂടെ ഇരുവരും തകർത്തിരുന്നു.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരായ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2021 ൽ കറാച്ചിയിൽ 158 റൺസ് കൂട്ടിച്ചേർത്ത പാകിസ്ഥാൻ ഓപ്പണർമാരായ ബാബർ അസം, മൊഹമ്മദ് റിസ്വാൻ എന്നിവരുടെ റെക്കോർഡാണ് ഇന്ത്യൻ യുവ ഓപ്പണർമാർ തകർത്തത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്. 2017 ൽ ശ്രീലങ്കയ്ക്കെതിരെ 165 റൺസ് നേടിയ രോഹിത് ശർമ്മ – കെ എൽ രാഹുൽ സഖ്യത്തിനൊപ്പമാണ് ഗില്ലും ജയ്സ്വാളും എത്തിയത്.