Skip to content

ഇന്ത്യയ്ക്കാരിൽ നാലാമനായി ജയ്സ്വാൾ !! ഇപ്പോഴും മുൻപിൽ രോഹിത് ശർമ്മ തന്നെ

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. അരങ്ങേറ്റത്തിൽ തിളങ്ങാനാകാത്തതിൻ്റെ ക്ഷീണം രണ്ടാം മത്സരത്തിൽ തന്നെ താരം തീർത്തിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജയ്സ്വാൾ. തിലക് വർമ്മയും പന്തും അടങ്ങുന്ന ഈ റെക്കോർഡിൽ ഏറ്റവും മുൻപിലുള്ളത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്.

30 പന്തിൽ ഫിഫ്റ്റി നേടിയ ജയ്സ്വാൾ മത്സരത്തിൽ 51 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യൻ താരമായി ജയ്സ്വാൾ മാറി.

21 വർഷവും 227 ദിവസുമാണ് ജയ്സ്വാളിൻ്റെ പ്രായം, 21 വർഷവും 38 ദിവസവും പ്രായമായിരിക്കെ വിൻഡീസിനെതിരെ 2018 ൽ ഫിഫ്റ്റി നേടിയ റിഷഭ് പന്ത്, ഇരുപതാം വയസ്സിൽ വിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ ഫിഫ്റ്റി നേടിയ തിലക് വർമ്മ എന്നിവരാണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഉളളത്.

2007 ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഇരുപതാം വയസ്സിൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്. 16 വർഷം പിന്നിട്ടിട്ടും രോഹിത് ശർമ്മയുടെ ഈ റെക്കോർഡ് തകർക്കുവാൻ മറ്റൊരു യുവതാരത്തിനും സാധിച്ചിട്ടില്ല.

40 പന്തിൽ പുറത്താകാതെ 50 റൺസ് ആ മത്സരത്തിൽ രോഹിത് ശർമ്മ നേടിയിരുന്നു. മത്സരത്തിൽ ഇന്ത്യ 37 റൺസിന് വിജയിക്കുകയും ചെയ്തിരുന്നു. അന്ന് മാൻ ഓഫ് ദി മാച്ച് നേടിയതും രോഹിത് ശർമ്മയായിരുന്നു.