Skip to content

കയ്യടിക്കെടാ !! അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ തീർത്ത് ജയ്സ്വാൾ

ഇന്ത്യയ്ക്കായുള്ള ടി20 മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയതിൻ്റെ ക്ഷീണം രണ്ടാം മത്സരത്തിൽ തന്നെ തീർത്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. ഫോമിൽ തിരിച്ചെത്തിയ സഹ ഓപ്പണർ ശുഭ്മാൻ ഗില്ലിനൊപ്പം താരം തകർത്തടിച്ചതോടെ അനായാസ വിജയം കുറിച്ച ഇന്ത്യ പരമ്പരയിൽ വെസ്റ്റിൻഡീസിനൊപ്പമെത്തുകയും ചെയ്തു.

30 പന്തിൽ നിന്നും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ആദ്യ ഫിഫ്റ്റി നേടിയ താരം 51 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പടെ 84 റൺസ് അടിച്ചുകൂട്ടി.

ഓപ്പണിങ് കൂട്ടുകെട്ടിൽ 165 റൺസാണ് ഇന്ത്യയ്ക്കായി ജയ്സ്വാൾ കൂട്ടിച്ചേർത്തത്. മറുഭാഗത്ത് ഫോമിൽ തിരിച്ചെത്തി ഫിഫ്റ്റി നേടിയ ഗിൽ 47 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പടെ 77 റൺസ് നേടിയാണ് പുറത്തായത്.

നേരത്തെ ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ യശസ്വി ജയ്സ്വാൾ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ മത്സരത്തോടെ ടി20 യിലും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച താരത്തിന് അരങ്ങേറ്റത്തിൽ തിളങ്ങുവാൻ കഴിഞ്ഞിരുന്നില്ല.

മത്സരത്തിലേക്ക് വരുമ്പോൾ 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിൻഡീസ് ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം 17 ഓവറിൽ ഇന്ത്യ മറികടന്നു.