Skip to content

സഞ്ജുവിനെ വെച്ച് ടിക്കറ്റുകൾ വിറ്റഴിച്ച് അയർലൻഡ് ക്രിക്കറ്റ്

ഇന്ത്യൻ ടീമിൻ്റെ അയർലൻഡ് പര്യടനം ഈ മാസം പകുതിയോടെ ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയാണ് പര്യടനത്തിൽ ഇന്ത്യ കളിക്കുന്നത്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തുന്ന ജസ്പ്രീത് ബുംറയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനാകട്ടെ റിതുരാജ് ഗയ്ക്ക്വാദും. എന്നാൽ പരമ്പരയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ സഞ്ജുവിനെ മുന്നിൽ നിർത്തി വിറ്റഴിച്ചിരിക്കുകയാണ് അയർലൻഡ് ക്രിക്കറ്റ് ബോർഡ്.

ധാരാളം മലയാളികൾ അയർലൻഡിൽ ഉള്ളതിനാൽ തന്നെ ജനപ്രീതി മുൻനിർത്തി പോസ്റ്ററിൽ സഞ്ജുവിൻ്റെ ചിത്രമാണ് അയർലൻഡ് വെച്ചിരിക്കുന്നത്. അയർലൻഡിൻ്റെ തന്ത്രം വിജയിക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇതിനോടകം സോൾഡ് ഔട്ടായി കഴിഞ്ഞു.

ഓഗസ്റ്റ് 18 നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഓഗസ്റ്റ് 20 നും 23 നുമാണ് പരമ്പരയിലെ മറ്റു മത്സരങ്ങൾ നടക്കുക. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ അടക്കമുള്ളവർക്ക് പരമ്പരയിൽ ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീം : ജസ്പ്രീത് ബുംറ (c), റുതുരാജ് ഗയ്‌ക്‌വാദ് (vc), യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ (wk), ജിതേഷ് ശർമ (wk), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, പ്രസീദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേഷ് ഖാൻ