Skip to content

അവനെത്തിയാൽ സഞ്ജു ഏഷ്യ കപ്പിലും ലോകകപ്പിലും കാണില്ല !! മുൻ ഇന്ത്യൻ താരം

കെ എൽ രാഹുലിൻ്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തിലാണ് സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിലെത്തിയത്. കിട്ടിയ അവസരത്തിൽ ഇന്ത്യയ്ക്കായി തിളങ്ങിയ സഞ്ജു മികച്ച പ്രകടനം ഈ ഫോർമാറ്റിൽ കാഴ്ച്ചവെച്ചിരുന്നു. എന്നാൽ ഇതിനിടയിലും കെ എൽ രാഹുൽ തിരിച്ചെത്തിയാൽ സഞ്ജുവിന് ടീമിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഐ പി എല്ലിനിടെ പരിക്കേറ്റ കെ എൽ രാഹുൽ നിലവിൽ തിരിച്ചുവരവിൻ്റെ പാതയിലാണ്. കെ എൽ രാഹുൽ തിരിച്ചെത്തിയാൽ സഞ്ജു ലോകകപ്പ് ടീമിൽ എന്നല്ല ഏഷ്യ കപ്പിൽ പോലും ഉണ്ടാകില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

പക്ഷേ ഇതിൻ്റെ പേരിൽ സഞ്ജുവിൻ്റെ കരിയറിനെ കുറിച്ച് ആശങ്കകൾ വേണ്ടെന്നും 28 ക്കാരനായ സഞ്ജുവിന് ഇനിയും സമയമുണ്ടെന്നും ഏകദിന ലോകകപ്പിന് ശേഷം ധാരാളം അവസരങ്ങൾ സഞ്ജുവിന് ലഭിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടരുന്ന കെ എൽ രാഹുൽ വിക്കറ്റ് കീപ്പിങ് പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. ഫിറ്റ്നസ് തെളിയിക്കാൻ ചില പരിശീലന മത്സരവും താരം കളിക്കുന്നുണ്ട്.