Skip to content

അവനെ പോലെയുള്ള താരത്തിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടി വരും : രോഹിത് ശർമ്മ

സൂര്യകുമാർ യാദവിന് ഏകദിന ക്രിക്കറ്റിൽ ഇനിയും കൂടുതൽ അവസരങ്ങൾ നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് ഏകദിനത്തിൽ ദയനീയ പ്രകടനമാണ് താരം തുടരുന്നത്.

ഏകദിന ക്രിക്കറ്റിലേത് തൻ്റെ മോശം പ്രകടനമാണെന്ന് സൂര്യകുമാർ യാദവും തുറന്നുപറഞ്ഞിരുന്നു. മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഏകദിന ക്രിക്കറ്റ് ടി20 ക്രിക്കറ്റിനേക്കാൾ പ്രയാസമാണെന്നും സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഉറച്ച പിന്തുണ നൽകുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മയും വ്യക്തമാക്കിയത്.

ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. അവർ പരിചയസമ്പന്നരായ താരങ്ങളോട് അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. അവനെ പോലെയുള്ള ബാറ്റ്സ്മാന്മാർക്ക് കൂടുതൽ മത്സരങ്ങൾ നൽകേണ്ടത് പ്രധാനമാണ്.

ഐ പി എൽ തന്നെ നോക്കൂ. ആദ്യ നാലോ അഞ്ചോ മത്സരങ്ങളിൽ മികവ് പുലർത്താൻ അവനായില്ല. പക്ഷേ അതിന് ശേഷം സംഭവിച്ചത് എന്താണെന്ന് നോക്കൂ. അവനെ പോലെയുള്ള താരങ്ങൾ രണ്ടോ മൂന്നോ മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ച്ചവെച്ചാലും കുഴപ്പമില്ല. അവൻ ഫോമിലെത്തിയാൽ ഒറ്റയ്ക്ക് മത്സരങ്ങൾ വിജയിപ്പിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. രോഹിത് ശർമ്മ പറഞ്ഞു.