Skip to content

ഇന്ത്യൻ വനിതാ ടീമിൻ്റെ മീഡിയ റൈറ്റ്സ് ബിസിസിഐ നൽകുന്നത് സൗജന്യമായി

മീഡിയ റൈറ്റ്സ് ടെൻഡറിൽ ഇന്ത്യൻ വനിതാ ടീമിൻ്റെ മത്സരങ്ങളുടെ റൈറ്റ്സ് സൗജന്യമായി വാഗ്ദാനം ചെയ്ത് ബിസിസിഐ. മെൻസ് ടീമിൻ്റെ റൈറ്റ്സ് സ്വന്തമാക്കുന്ന കമ്പനിക്ക് വുമൺസ് ടീമിൻ്റെ മത്സരങ്ങളുടെയും അവകാശം അധികതുക നൽകാതെ തന്നെ ലഭിക്കും

കഴിഞ്ഞ മീഡിയ റൈറ്റ്സും ഈ പതിവ് ബിസിസിഐ തുടർന്നിരുന്നു. വനിതാ ക്രിക്കറ്റിന് പ്രേക്ഷകർ വർദ്ധിച്ചുവെങ്കിലും ഈ പതിവ് ബിസിസിഐ തെറ്റിച്ചില്ല. പ്രഥമ വുമൺസ് പ്രീമിയർ ലീഗിൻ്റെ മീഡിയ റൈറ്റ്സ് 951 കോടിയെന്ന വമ്പൻ തുകയ്ക്ക് ബിസിസിഐ വിറ്റിരുന്നു. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വുമൺസ് ടീം സ്പോർട്ട് ലീഗ് ടൂർണമെൻ്റായി Wpl മാറിയിരുന്നു.

ബിസിസിഐ മാത്രമല്ല ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ക്രിക്കറ്റ് ഓസ്ട്രേലിയയും ഇത്തരത്തിൽ തന്നെയാണ് വനിതാ ടീമിൻ്റെ മീഡിയ റൈറ്റ്സ് നൽകുന്നത്. ഐസിസി മാത്രമാണ് വനിതാ ടൂർണമെൻ്റുകളുടെ റൈറ്റ്സ് പ്രത്യേക പാക്കേജായി കാണുന്നത്.

മീഡിയ റൈറ്റ്സ് വിൽപ്പനയിലൂടെ പതിനായിരം കോടിയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര പരമ്പരകളോട് കാണികൾക്ക് താൽപ്പര്യം കുറഞ്ഞുവരികയും ഐ പി എൽ അടക്കമുള്ള ടൂർണമെൻ്റുകളിൽ മാത്രം കൂടുതലായി കമ്പനികൾ പരസ്യം ചെയ്യാൻ താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ ഇത്രയധികം തുക ലേലത്തിൽ ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറും 88 മത്സരങ്ങൾ മാത്രമാണ് അടുത്ത വർഷത്തേക്ക് ഇന്ത്യ കളിക്കുന്നത്. ഇതിൽ 39 മത്സരവും ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയാണ്.

ഈ മത്സരങ്ങളിൽ മികച്ച വരുമാനം ലഭിക്കുമെങ്കിലും മറ്റു മത്സരങ്ങൾക്ക് വരുമാനം താരതമ്യേന ചാനലുകൾക്ക് കുറവായിരിക്കും.